മനം കവരാന്‍ യൂണിക്കോണ്‍ ഡാസ്‌ലര്‍
Posted on: 14 May 2010

യുവ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഒരു തകര്‍പ്പന്‍ സ്‌പോര്‍ട്‌സ് ബൈക്കുകൂടി 150 സി.സി സെഗ്മെന്റിലെത്തുന്നു. 2010 ലെ ന്യൂഡല്‍ഹി ഓട്ടോഷോയില്‍ ശ്രദ്ധനേടിയ സി.ബി യൂണിക്കോണ്‍ ഡാസ്‌ലര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അവതരിപ്പിച്ചു. യൂണിക്കോണ്‍ സ്‌പോര്‍ട്‌സ് കണ്‍സപ്റ്റ് പിന്തുടരുന്ന ഡാസ്‌ലര്‍ അടുത്തിടെ മുഖംമിനുക്കിയ സി.ബി യൂണിക്കോണിനൊപ്പം ഷോറൂമുകളില്‍ ഇടംനേടും. മെയ് മാസം വിപണിയിലെത്തുന്ന ഡാസ്‌ലറിന് 62,000 രൂപയാകും ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.




ബൈക്ക് പ്രേമികളുടെ കണ്ണഞ്ചിക്കാന്‍ അഗ്രസീവ് നേക്കഡ് ബൈക്ക് സ്റ്റൈലിങ്ങോടെയാണ് ഡാസ്‌ലര്‍ വിപണിയിലെത്തുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകകള്‍, ഡിജിറ്റല്‍ കണ്‍സോള്‍, യൂണിക്കോണിലുള്ള മോണോക്കോക്ക് പിന്‍ സസ്‌പെന്‍ഷന്‍, ട്യൂബ് ലെസ് ടയറുകള്‍, ടൂ ടോണ്‍ സീറ്റ് എന്നിവയാണ് ഡാസ്‌ലറിന്റെ സവിശേഷതകള്‍. നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മെറ്റാലിക് സില്‍വര്‍, സിയാന റെഡ്, ആര്‍മര്‍ മെറ്റാലിക് ഗോള്‍ഡ് എന്നീ നാലു നിറങ്ങളില്‍ ബൈക്ക് തിരഞ്ഞെടുക്കാം.

യൂണിക്കോണിലുള്ള നാലു സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് 149.1 സി.സി എന്‍ജിനാണ് ഡാസ്‌ലറിന് കരുത്ത് പകരുന്നത്. എന്നാല്‍ കരുത്തില്‍ വര്‍ദ്ധനയുണ്ട്. 8500 ആര്‍.പി.എമ്മില്‍ 14 ബി.എച്ച്.പി പരമാവധി കരുത്തും 6500 ആര്‍.പി.എമ്മില്‍ 1.3 കെ.ജി.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയും വിസ്‌കസ് എയര്‍ ഫില്‍ട്ടറും ഡാസ്‌ലറിന്റെ മറ്റു സവിശേഷതകളാണ്.



യൂണിക്കോണിനെക്കാള്‍ അല്‍പ്പംകൂടി സ്റ്റൈലന്‍ ബൈക്ക് ആഗ്രഹിക്കുന്നവരെയാണ് ഡാസ്‌ലര്‍ ലക്ഷ്യമിടുന്നത്. മികച്ച പ്രകടനവും രൂപഭംഗിയുമുള്ള കമ്യൂട്ടര്‍ ബൈക്ക് വാങ്ങാന്‍ ലക്ഷ്യമിടുന്നവരെയും ഹോണ്ട മനസില്‍ കണ്ടിട്ടുണ്ട്. യൂറോ ത്രീ മലിനീകരണ നിയന്ത്രണ മാനദ്ണ്ഡങ്ങള്‍ പാലിക്കുന്ന ബൈക്കിന് 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. യമഹയുടെ എഫ്.സി, ഫെയ്‌സര്‍ ബ്രാണ്ടകളുടെ ആരാധകരെ വലവീശാനാകും വിപണിയിലെത്തിയാല്‍ ഡാസ്‌ലര്‍ ശ്രമിക്കുക.



Print
SocialTwist Tell-a-Friend


Other stories in this section