23 കീ.മി മൈലേജുമായി ഇന്‍ഡിഗോ ഇ- സി.എസ്‌
Posted on: 25 May 2010

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മൈലേജുള്ള സെഡാനെന്ന അവകാശ വാദവുമായി ടാറ്റ ഇന്‍ഡിഗോ ഇ-സി.എസ് എത്തി. ബി.എസ് ഫോര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് കോംപാക്ട് സെഡാന്‍ (സി.എസ്) ന്റെ നവീന പതിപ്പ് എത്തുന്നത്. ഡീസല്‍ വേരിയന്റിന് 23.03 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ (എ.ആര്‍.എ.ഐ) സാക്ഷ്യപ്പെടുത്തിയ കണക്കാണിത്.




നവീന എന്‍ജിനു പുറമെ അകത്തും പുറത്തും ഒട്ടേറെ പുതുമകളുമായാണ് ഇ-സി.എസ് എത്തുന്നത്. നവീന മുന്‍ ഗ്രില്ലാണ് ശ്രദ്ധേയമായ മാറ്റം. ബോഡി നിറത്തിലുള്ള ബമ്പര്‍, റബ് റെയിലുകളിലെ ക്രോം ഇന്‍സേര്‍ട്ടുകള്‍, റിയര്‍വ്യൂ മിററുകളില്‍ സ്ഥാപിച്ച ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍. നവീന സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ബ്ലൂടൂത്ത് എനേബിള്‍ഡ് മ്യൂസിക് സിസ്റ്റം, വൈദ്യുത നിയന്ത്രിത റിയര്‍വ്യൂ മിററുകള്‍ എന്നിവയാണ് കോംപാക്ട് സെഡാനിന്റെ ഉള്‍വശത്തെ പുതിയ മാറ്റങ്ങള്‍.



165 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്, ടേണിങ് റേഡിയസ് 5 മീറ്റര്‍. 1,396 സി.സി ഡീസല്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 70 പി.എസ് കരുത്തും 1800-3000 ആര്‍.പി.എമ്മില്‍ 140 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരും. 1193 സി.സി പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍.പി.എമ്മില്‍ 65 പി.എസ് കരുത്തും 2,700 ആര്‍.പി.എമ്മില്‍ 100 എന്‍.എം ടോര്‍ക്കും നല്‍കും. 42 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.



4.07 ലക്ഷമാണ് പെട്രോള്‍ മോഡലിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസല്‍ മോഡലിന്റേത് 5.13 ലക്ഷവും. 18 മാസത്തെ പരിധികളില്ലാത്ത വാറണ്ടി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ 230 ടാറ്റാ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകള്‍ വഴി ഇന്‍ഡിഗോ ഇ- സി.എസ് വിറ്റഴിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. വിവിധ വേരിയന്റുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വിലകള്‍ ഇവയാണ്: പെട്രോള്‍- ഇ-ജി.എല്‍.എസ്-4,08,694, ഇ-ജി.എല്‍.എക്‌സ്-4,31,161. ഡീസല്‍- ഇ-എല്‍.എസ്-4,91,312, ഇ എല്‍.എക്‌സ്- 5,14,561.



Print
SocialTwist Tell-a-Friend


Other stories in this section