വിജയം ആവര്‍ത്തിക്കാന്‍ പാണ്ട ക്രോസ്‌
Posted on: 04 Jun 2010

2003-ല്‍ പുറത്തിറക്കിയതില്‍പ്പിന്നെ വിജയകഥ മാത്രം പറയുന്ന ഫിയറ്റിന്റെ പാണ്ടയുടെ പുതിയ വേര്‍ഷനാണ് പാണ്ട ക്രോസ്. ഇറ്റാലിയന്‍ സൗന്ദര്യം തന്നെയാണ് പാണ്ടയുടെയും പ്രത്യേകത. വര്‍ഷത്തില്‍ ശരാശരി രണ്ടര ലക്ഷം യൂണിറ്റുകളായിരുന്നു ഇവ വിറ്റു പോയിരുന്നത്. പതിനെട്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും പാണ്ട ഫിയറ്റിന് നേടിക്കൊടുത്തു. ഇക്കഴിഞ്ഞ ജനീവ ഓട്ടോഷോയിലാണ് പാണ്ട ക്രോസിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിഷ്‌കരണം തന്നെയാണ് പാണ്ടയില്‍ നടത്തിയിട്ടുള്ളത്.



70 എച്ച്.പി. തരുന്ന 1.3 മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഫോര്‍വീല്‍ ഡ്രൈവ് അനായാസകരമാക്കുന്നു. പുതിയപതിപ്പിന്റെ പ്രത്യേകത അതിന്റെ സസ്‌പെന്‍ഷനും ടയറുകളുമാണ്. ഷോക്ക് അബ്‌സോര്‍ബര്‍ 22 മില്ലിമീറ്ററാണ്. ഇതിലെ സ്​പ്രിങ്ങുകള്‍ കാറിനെ കൂടുതല്‍ ഉയരത്തില്‍ നിര്‍ത്തുന്നു. അതിനാല്‍ റോഡുകളിലെ തടസ്സങ്ങള്‍ പ്രശ്‌നമാകുന്നില്ല. ടാറില്ലാത്തയിടത്തുകൂടിയുള്ള യാത്രയും ദുര്‍ഘടമാകുന്നില്ലെന്ന് സാരം.



ഫിയറ്റിന്റെ നവീന സാങ്കേതികതയുപയോഗിച്ചുള്ള ഫോര്‍ വീല്‍ ഡ്രൈവാണിതില്‍. എ.ബി. എസ്. സിസ്റ്റം, പെട്ടെന്ന് നിയന്ത്രണം വിടുകയും മറ്റും ചെയ്യുന്ന അപകടഘട്ടങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ഇലക്‌ട്രോണിക് എന്‍ജിന്‍ കണ്‍ട്രോള്‍ എന്നിവയും പാണ്ട ക്രോസിന്റെ പുതിയ പതിപ്പിലുണ്ട്. ഉള്ളിലാകട്ടെ രണ്ട് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ്കണ്‍ട്രോള്‍, ഇലക്ട്രിക് മിററുകള്‍, ഇലക്ട്രിക് സ്റ്റിയറിങ് ഡ്യുവല്‍ ഡ്രൈവ് എന്നിവയുമുണ്ട്. ഫിയറ്റ് കുടുംബത്തിലെ എല്ലാ വാഹനങ്ങളുടെയും പ്ലാറ്റ്‌ഫോമില്‍ത്തന്നെയാണ് പാണ്ട ക്രോസും.

സജി സി. നായര്‍



Print
SocialTwist Tell-a-Friend


Other stories in this section