വെസ്പ വീണ്ടും വരുന്നു
Posted on: 09 Jun 2010 നിരത്തില്‍നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങിയെങ്കിലും വെസ്പ സ്‌കൂട്ടറുകളെ ഇന്ത്യക്കാര്‍ മറന്നുകാണില്ല. ബജാജ് വിപണി അടക്കിവാണിരുന്ന സമയത്താണ് കൂടുതല്‍ കരുത്തും ഭംഗിയുമുള്ള വെസ്പകള് രംഗത്തെത്തിയത്. ബൈക്കുകളുടെ കാലം വന്നതോടെ സ്‌കൂട്ടര്‍ വില്‍പ്പന കുറഞ്ഞു. വൈകാതെ ഇന്ത്യന്‍ പങ്കാളിയായ എല്‍.എം.എല്ലുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ച് രാജ്യംവിട്ട പിയാജിയോ പുതിയ വെസ്പാ സ്‌കൂട്ടറുകളുമായി ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വെസ്പ എല്‍.എക്‌സ് 125 മോഡലുമായാണ് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാവായ വെസ്പ മടങ്ങിയെത്തുന്നത്.
പിയാജിയോയുടെ വാണിജ്യ വാഹനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ബരാമതിയിലുള്ള വാണിജ്യ വാഹന നിര്‍മ്മാണ പ്ലാന്റിനു പുറമെ വെസ്പ സ്‌കൂട്ടറുകള്‍ക്കായി പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ വെസ്പ തീരുമാനിച്ചു കഴിഞ്ഞു. 30 മില്യണ്‍ യൂറോയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ പിയാജിയോ ചിലവഴിക്കുന്നത്. 2012 ഓടെ പുതിയ വെസ്പകള് നിരത്തിലിറക്കുകയാണ് ലക്ഷ്യം. ഒന്നരലക്ഷം സ്‌കൂട്ടറുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും.
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വന്‍തോതില്‍ വളരുന്ന സാഹചര്യത്തിലാണ് വെസ്പ വീണ്ടുമെത്തിക്കാന്‍ പിയോജിയോ തീരുമാനിച്ചത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ഇരുചക്ര വാഹന വിപണിയില്‍ 15 ശതമാനം പങ്കാളിത്തമാണ് സ്‌കൂട്ടറുകള്‍ക്കുള്ളത്. 13 ശതമാനമാണ് സ്‌കൂട്ടര്‍ വിപണിയുടെ വളര്‍ച്ചാനിരക്ക്. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ സ്‌കൂട്ടറുകളെല്ലാം ബുക്കുചെയ്താല്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാത്രമെ സ്വന്തമാക്കാന്‍ കഴിയൂവെന്ന സ്ഥിതിയാണിപ്പോള്‍.
1950 മുതല്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ അടുത്തറിയുന്ന നിര്‍മ്മാതാവാണ് പിയാജിയോ. 1999 ല്‍ എല്‍.എം.എല്‍ ഉമായുള്ള ബന്ധം അവസാനിപ്പിക്കുംവരെ ഇരുചക്ര വാഹന വിപണിയിലെ പിയാജിയോ സാന്നിധ്യം തുടര്‍ന്നു. ഏഷ്യ, യൂറോപ്പ് വിപണികളിലേക്കുള്ളവാണിജ്യ വാഹനങ്ങള്‍ക്കായി പുതിയ 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകളുടെ നിര്‍മ്മാണം ബരാമതിയിലുള്ള പ്ലാന്റില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.