രണ്ടാം തലമുറ സ്വിഫ്റ്റ് വരുന്നു
Posted on: 11 Jun 2010

ചെറുകാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച സ്വിഫ്റ്റിന്റെ നവീന പതിപ്പ് വരുന്നു. കൂടുതല്‍ ആകര്‍ഷകമായ രണ്ടാം തലമുറ സ്വിഫ്റ്റ് സുസുക്കി ഹംഗറിയില്‍ പുറത്തിറക്കി. മുന്നിലേക്ക് ചരിഞ്ഞ നീളമേറിയ ബോണറ്റും കൂടുതല്‍ ഉരുണ്ട രൂപവും തടിച്ച വെയ്സ്റ്റ് ലൈനും വലിയ ഹെഡ്‌ലാംപുമൊക്കെയാണ് പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതകള്‍. റെനോ ഹാച്ച്ബാക്കുകളോട് വിദൂര സാദൃശ്യം തോന്നും പുതിയ സ്വിഫ്റ്റിന്. ഇന്ത്യയിലെത്തിയ റെനോ മൈക്രയോട് പോലും. ഹംഗറിയിലെ പ്ലാന്റിലാണ് ജപ്പാന്‍ വാഹന നിര്‍മ്മാതാവായ സുസുക്കിയുടെ പുതിയ സ്വിഫ്റ്റുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്.




പുത്തന്‍ സ്വിഫ്റ്റിന്റെ വലിപ്പവും സുസുക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പഴയ സ്വിഫ്റ്റിനെക്കാള്‍ 90 എം.എം കൂടുതല്‍ നീളവും അഞ്ച് എം.എം വീതിയും 10 എം.എം ഉയരവും അധികമുണ്ട് പുതിയ കാറിന്. വീല്‍ബെയ്‌സ് 50 എം.എം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാറിനുള്ളിലെ സ്ഥലവും യാത്രാസുഖവും സുരക്ഷിതത്വവും വര്‍ദ്ധിച്ച വീല്‍ ബെയ്‌സ് നല്‍കും. വീതിയേറിയ 16 ഇഞ്ച് വീലുകളാണ് യൂറോപ്യന്‍ വിപണിയിലേക്കുള്ള സ്വിഫ്റ്റിന് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കട്ടികൂടിയ ഉരുക്കുകൊണ്ടാണ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

യൂറോപ്യന്‍ വിപണിയില്‍ രണ്ട് പുതിയ എന്‍ജിനുകളുമായാവും സ്വിഫ്റ്റ് വരുന്നത്. പഴയ എന്‍ജിന് പകരം 1.2 ലിറ്റര്‍ വി.വി.ടി പെട്രോള്‍, 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ എന്നിവയാകും സ്വിഫ്റ്റിലുണ്ടാകുക. യൂറോ അഞ്ച് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിനുകള്‍. പെട്രോള്‍ എന്‍ജിന്‍ പഴയതിനെക്കാള്‍ 15 ശതമാനവും ഡീസല്‍ എന്‍ജിന്‍ പഴയതിനെക്കാള്‍ എട്ടു ശതമാനവും കൂടുതല്‍ ഇന്ധനക്ഷമമാണെന്നാണ് സൂചന.



എന്നാല്‍ ഇന്ത്യയിലെത്തുന്ന സ്വിഫ്റ്റുകളില്‍ ഈ എന്‍ജിനുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനും ഇന്ത്യയിലെ സ്വിഫ്റ്റുകളില്‍ തുടരും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലും യൂറോപ്പ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഓട്ടോമാറ്റിക് സ്വിഫ്റ്റ് എത്തുമോയെന്നും കാത്തിരുന്ന് കാണണം. രണ്ടാം തലമുറ സ്വിഫ്റ്റിന്റെ രൂപഭംഗിയുള്ള ഡിസയറും ഉടന്‍ പുറത്തിറങ്ങും. പുതുതായി വിപണിയിലെത്തിയ ഫോക്‌സ് വാഗണ്‍ പോളോ, ഫോര്‍ഡ് ഫീഗോ, നിസാന്‍ മൈക്ര, ടൊയോട്ട, ഹോണ്ട എന്നിവയുടെ വരാനിരിക്കുന്ന കാറുകള്‍ എന്നിവ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ പുത്തന്‍ സ്വിഫ്റ്റ് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്.



Print
SocialTwist Tell-a-Friend


Other stories in this section