പോളോയെക്കാള്‍ ചെറിയ ഫോക്‌സ് വാഗണ്‍കാര്‍ ഇന്ത്യയിലേക്ക്
Posted on: 15 Jun 2010 ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ മത്സരം അവസാനിക്കുന്ന മട്ടില്ല. പോളോയെക്കാള്‍ ചെറിയ മറ്റൊരുകാര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍ പ്രഖ്യാപിച്ചു. ബ്രസീലിലുള്ള ഫോക്‌സ് വാഗണിന്റെ ചെറുകാര്‍ ഫോക്‌സ്, സ്‌പെയിനിലുള്ള സൂപ്പര്‍ മിനി കാര്‍ ഇബിസ എന്നിവയില്‍ ഏതെങ്കിലുമാകും ഇന്ത്യയില്‍ എത്തുകയെന്ന് സൂചനയുണ്ട്. ഇന്ത്യയിലെത്തുന്ന പോളോയെക്കാള്‍ ചെറിയ കാറിനെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ഇന്ത്യാ മാധ്യമ വിഭാഗം തലവന്‍ കര്‍ട്ട് റിപ്പോഹോള്‍സ് പറഞ്ഞു.
ഇന്ത്യന്‍ വാഹന പ്രേമികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ ശേഷമാണ് ഫോക്‌സ് വാഗണ്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് വ്യക്തം. സുഖ സൗകര്യങ്ങളെക്കാളും സുരക്ഷിതത്വത്തെക്കാളും ഇന്ത്യക്കാര്‍ക്ക് പ്രിയം വിലക്കുറവ് തന്നെയെന്ന് ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. 4.46 മുതല്‍ 6.88 ലക്ഷം വരെയാണ് പോളോയുടെ വിവിധ വേരിയന്റുകളുടെ ഇന്ത്യയിലെ വില. പോളോയെക്കാള്‍ ചെറിയ കാറിന്റെ വില ഇതിലും കുറവായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഫോക്‌സ് വാഗണിന്റെ ബ്രസീല്‍ ഘടകം രൂപകല്‍പ്പന ചെയ്ത ചെറുകാറാണ് ഫോക്‌സ്. 2004 മുതല്‍ ലാറ്റിന്‍ അമേരിക്കന്‍ വിപണിയിലും 2005 മുതല്‍ യൂറോപ്യന്‍ വിപണിയിലും ഫോക്‌സിന്റെ സാന്നിധ്യമുണ്ട്. മൂന്നുഡോര്‍, അഞ്ചുഡോര്‍ മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ക്രോസ് ഫോക്‌സ് എന്നപേരില്‍ മിനി എസ്.യു.വിയുമുണ്ട്. സ്‌പെയിനിലെ ജനപ്രിയ കാറുകളില്‍ ഒന്നാണ് സൂപ്പര്‍മിനി കാര്‍ ഇബിസ. സ്പാനിഷ് വാഹന നിര്‍മ്മാതാവായ സിയറ്റ് രൂപകല്‍പ്പന ചെയ്ത ഇബിസ 1984 ലെ പാരീസ് മോട്ടോര്‍ഷോയിലാണ് ആദ്യം അവതരിപ്പിച്ചത്. ഇറ്റാല്‍ ഡിസൈന്‍, കാര്‍മാന്‍, പോര്‍ഷെ എന്നിവയുടെ സഹകരണത്തോടെയാണ് ഇബിസ രൂപകല്‍പ്പന ചെയ്തത്. പിന്നീട് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് സിയറ്റ് ഏറ്റെടുത്തു. ഫോക്‌സ് വാഗണാണ് ഇപ്പോള്‍ ഇബിസകള്‍ നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ ചെറുകാര്‍ വിപണിയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് സൂപ്പര്‍ മിനികാര്‍ അവതരിപ്പിക്കാന്‍ ഫോക്‌സ് വാഗണ്‍ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ചെറുകാര്‍ വിപണിയാണ് ഇന്ത്യ. ചൈനയ്ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇന്ത്യന്‍ കാര്‍ വിപണിയില്‍ 75 ശതമാനം പങ്കാളിത്തമാണ് ചെറുകാറുകള്‍ക്കുള്ളത്. പോളോ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന സെഡാന്‍ വെന്റോയുടെ നിര്‍മ്മാണം ജൂലായില്‍ തുടങ്ങുമെന്ന് അടുത്തിടെയാണ് ഫോക്‌സ് വാഗണ്‍ പ്രഖ്യാപിച്ചത്. ചെറുകാര്‍ പോളോ ഇപ്പോള്‍ വിപണിയിലുള്ള ജെറ്റ എന്നീ കാറുകള്‍ക്ക് ഇടയിലാകും വിലകുറഞ്ഞ സെഡാന്‍ സെഡാന്‍ വെന്റോയുടെ സ്ഥാനം.
അടുത്തിടെയാണ് ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ വാഹന നിര്‍മ്മാണം തുടങ്ങിയത്. 3,500 കോടി മുതല്‍മുടക്കി സ്ഥാപിച്ച ചകനിലെ പ്ലാന്റിലാണ് പോേേളാ അടക്കമുള്ള കാറുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 1,10,000 കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ചകനിലെ പ്ലാന്റിനുണ്ട്. മാരുതി സുസുക്കിയാണ് ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ 55 ശതമാനം പങ്കാളിത്തത്തോടെ ആധിപത്യം പുലര്‍ത്തുന്നത്. ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവയായിരുന്നു മുന്‍പ് മാരുതിയുടെ എതിരാളികള്‍. നിസാന്‍, ഫോര്‍ഡ് എന്നീ പ്രമുഖ ബ്രാണ്ടുകള്‍ ഈവര്‍ഷം ചെറുകാറുകളുമായി ഇന്ത്യയില്‍ എത്തിയിരുന്നു.
(Volkswagen, pronounced folksvagen meaning: 'people's car' (also known as VW) is an automobile manufacturer based in Wolfsburg, Germany)