മൈക്ര ജൂലായ് 15 ന്; വില 3.9- 5.25 ലക്ഷം
Posted on: 18 Jun 2010

ജപ്പാന്‍ വാഹന നിര്‍മ്മാതാവായ നിസാന്‍ ചെറുകാര്‍ മൈക്രയെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് നാളേറെയായി. മൈക്രയെ കണ്ട് കൊതിച്ചവര്‍ അതിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആരാഞ്ഞു. വില അന്വേഷിച്ചു. എന്നാല്‍ ചെറുകാര്‍ വിപണിയിലെ കടുത്ത മത്സരം നേരിടാനെത്തിയ മൈക്ര ഇതൊന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഒടുവില്‍ മൈക്രയിലെ സൗകര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ വാഹന പ്രേമികള്‍ അമ്പരക്കുക തന്നെചെയ്തു.




അടിസ്ഥാന മോഡലില്‍പോലും ഡ്രൈവര്‍ എയര്‍ബാഗ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഡ്രൈവ് കമ്പ്യൂട്ടര്‍, ടില്‍റ്റ് അഡ്ജസ്റ്റബിള്‍ പവര്‍ സ്റ്റിയറിങ്, റൂഫ് ടോപ്പ് ആന്റന, എ.സി എന്നിവയുമായാണ് മൈക്ര എത്തുന്നത്. 3.9 ലക്ഷം മുതല്‍ 5.25 ലക്ഷം വെരയാണ് വിവിധ മോഡലുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില (വില നിസാന്‍ ഇനിയും പുറത്തുവിട്ടിട്ടില്ല). യഥാര്‍ത്ഥ വില ജൂലായ് 15 ന് കാര്‍ വിപണിയില്‍ ഇറക്കുമ്പോള്‍ പ്രഖ്യാപിക്കുമെന്നാണ് നിസാന്റെ നിലപാട്.

അടിസ്ഥാന മോഡലിനുപോലും എയര്‍ബാഗ് നല്‍കുന്ന ഇന്ത്യന്‍ വിപണിയിലെ ഏക ചെറുകാറാണ് മൈക്ര. പല വിദേശ രാജ്യങ്ങളിലും എയര്‍ബാഗ് അവശ്യംവേണ്ട സുരക്ഷാ സംവിധാനമാണെങ്കിലും ഇന്ത്യയില്‍ വിലകൂടിയ വാഹനങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുന്നതാണ് എയര്‍ബാഗിന്റെ സുരക്ഷ. അടിസ്ഥാന മോഡലില്‍ എയര്‍ബാഗ് നല്‍കാനുള്ള മൈക്രയുടെ തീരുമാനം വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്റെലിജന്റ് കീയാണ് മൈക്രയുടെ ഉയര്‍ന്ന മോഡലിലുമുള്ള മറ്റൊരു സവിശേഷത. കീ പുറത്തെടുക്കേണ്ട, പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മാത്രം മതി ബട്ടണ്‍ അമര്‍ത്തി ഡോറുകള്‍ തുറക്കുകയോ അടക്കുകയോ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആക്കുകയോ നിര്‍ത്തുകയോ ഒക്കെയാകാം. താക്കോല്‍ കൈവശമില്ലാത്ത ആരെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ സ്റ്റാര്‍ട്ടാകുമെന്ന് കരുതേണ്ട.

മികച്ച മൈലേജാണ് മൈക്രയ്ക്ക് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. 1198 സി.സി ഡി.ഒ.എച്ച്.സി 12 വാല്‍വ് മൂന്നു സിലിണ്ടര്‍ ഇന്‍ലൈന്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 6000 ആര്‍.പി.എമ്മില്‍ 76 പി.എസ് പരമാവധി കരുത്തും 4000 ആര്‍.പി.എമ്മില്‍ 104 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. അഞ്ചു സ്​പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 41 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.



എക്‌സ്.ഇ, എക്‌സ്.എല്‍, എക്‌സ്.വി എന്നീ മൂന്നു വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. എക്‌സ്.ഇയാണ് അടിസ്ഥാന മോഡല്‍. റിയര്‍ വൈപ്പര്‍- വാഷര്‍, ടോക്കോമീറ്റര്‍, ഓഡിയോ സംവിധാനം, സെന്‍ട്രല്‍ ലോക്ക്, റിമോട്ട് കീലെസ് എന്‍ട്രി എന്നിവ എക്‌സ്.എല്‍ മോഡലില്‍ ലഭിക്കും. മുന്‍ പാസഞ്ചര്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, മുന്‍ ഫോഗ് ലാമ്പുകള്‍, സുരക്ഷാ അലാം, ഇന്റെലിജെന്റ് കീ, ഓട്ടോ എ.സി, വൈദ്യുതി നിയന്ത്രിത ഡോര്‍ മിററുകള്‍ എന്നിവ ഉയര്‍ന്ന മോഡലായ എക്‌സ്.വിയില്‍ മാത്രം ലഭിക്കും.

സണ്‍ലൈറ്റ് ഓറഞ്ച്, ബ്ലെയ്ഡ് സില്‍വര്‍, സ്‌റ്റോം വൈറ്റ്, പെസിഫിക് ബ്ലൂ, ബ്ലാക്ക്, ബ്രിക്ക് റെഡ് എന്നിവയാണ് നിറങ്ങള്‍. വിവിധ മോഡലുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില ഇവയാണ്: എക്‌സ്.ഇ- 3.9 ലക്ഷം, എക്‌സ്.എല്‍- 4.8 ലക്ഷം, എക്‌സ്.വി 5.25 ലക്ഷം.



Print
SocialTwist Tell-a-Friend


Other stories in this section