പുതിയ ജാഗ്വാര്‍ എക്‌സ്.ജെ ഇന്ത്യയില്‍
Posted on: 19 Jun 2010

ടാറ്റാ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹനബ്രാണ്ട് ജാഗ്വാറിന്റെ പുതിയ എക്‌സ്.ജെ വേരിയന്റ് ഇന്ത്യയിലെത്തി. പ്രീമിയം ലക്ഷ്വറി സെഡാനുകളായ മെഴ്‌സീഡിസ് ബെന്‍സ് എസ് ക്ലാസ്, ബി.എം.ഡബ്ല്യൂ സെവന്‍ സീരീസ്, ഓഡി എ എയ്‌ററ് എന്നിവയുമായി അങ്കത്തിനാണ് പുതിയ ജാഗ്വാര്‍ എക്‌സ്.ജെ എത്തുന്നത്. അഞ്ചുലിറ്റര്‍ വി എയ്റ്റ് എന്‍ജിനാണ് പുതിയ എക്‌സ്.ജെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്.




പുത്തന്‍ തലമുറയുടെ അഭിരുചികള്‍ക്ക് അനുസരിച്ച് അകത്തും പുറത്തും ഏറെ പരിഷ്‌കരണങ്ങള്‍ വരുത്തിയാണ് പുതിയ എക്‌സ്.ജെയെ ജാഗ്വാര്‍ അവതരിപ്പിക്കുന്നത്. ജാഗ്വറിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായം യാത്രക്കാര്‍ക്ക് പരമാവധി പകരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. എട്ട് ഇഞ്ച് വലിപ്പമുള്ള ഹൈ ഡെഫനിഷന്‍ ടച്ച് സ്‌ക്രീന്‍ വെര്‍ച്വല്‍ ഇന്‍സ്ട്രമെന്റ് ഉദാഹരണം. ഡി.വി.ഡി സംവിധാനം ഉപയോഗിച്ച് ഇതില്‍ വീഡിയോ കാണാം. അതേസമയംതന്നെ ഡ്രൈവര്‍ നാവിഗേഷന്‍, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയായും ഇത് പ്രവര്‍ത്തിക്കും.



മൂന്നു ലിറ്റര്‍ വി സിക്‌സ് ഡീസല്‍ എന്‍ജിന്‍ മുതല്‍ അഞ്ചു ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി എയ്റ്റ് എന്‍ജിന്‍ വരെയുള്ള വിവിധ മോഡലുകള്‍ തിരഞ്ഞെടുക്കാം. ഇവ നല്‍കുന്ന കരുത്ത് പോരെങ്കില്‍ 470 ഹോഴ്‌സ് പവര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി എയ്റ്റ് വെര്‍ഷന്‍ തിരഞ്ഞെടുക്കാം. എയര്‍ സസ്‌പെന്‍ഷന്‍, ക്വിക്ക് റേഷ്യോ പവര്‍ സ്റ്റിയറിങ് എന്നിവയും ജാഗ്വാര്‍ എക്‌സ്.ജെയുടെ സവിശേഷതകളാണ്.



കരുത്തിനും സുഖ സൗകര്യങ്ങള്‍ക്കും അപ്പുറം പരിസ്ഥിതി സൗഹൃദവുമാണ് ജാഗ്വാര്‍ എക്‌സ്.ജെയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എയ്‌റോസ്‌പെയ്‌സ് ഇന്‍സ്​പയേഡ് അലുമിനിയം ബോഡി ഏറെ ഇന്ധനക്ഷമമാണത്രെ. വാഹന നിര്‍മ്മാണത്തില്‍ 50 ശതമാനം റീസൈക്കിള്‍ഡ് വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ജാഗ്വാര്‍ അവകാശപ്പെടുന്നു.



Print
SocialTwist Tell-a-Friend


Other stories in this section