സൗദിയുടെ സ്വന്തം കാര്‍ ഗസല്‍
Posted on: 01 Jun 2010 മണലാരണ്യങ്ങള്‍ കീഴടക്കാന്‍ സൗദി അറേബ്യയുടെ സ്വന്തം ഗസല്‍ വരുന്നു. സൗദി അറേബ്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യകാര്‍ ഗസല്‍ 1 ന്റെ പ്രോട്ടോടൈപ്പ് അബ്ദുള്ള രാജാവ് പുറത്തിറക്കി. മരുഭൂമികള്‍ നിറഞ്ഞ ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന സവിശേഷ രൂപകല്‍പ്പനയാണ് ഗസലിന്റേത്. റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയാണ് വാഹനം രൂപകല്‍പ്പന ചെയ്തത്.
മരുഭൂമിയിലെ കടുത്ത പരിതസ്ഥിതിയില്‍ ജീവിക്കാന്‍ കഴിവുള്ള ഒരിനം മാനിന്റെ പേരാണ് സൗദി അറേബ്യ തങ്ങളുടെ വാഹനത്തിന് നല്‍കിയിരിക്കുന്നത്. പേര് മാനിന്റേത് ആണെങ്കിലും കാഴ്ചയില്‍ ഒട്ടകത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാഹനം. ചെറിയ വിന്‍ഡ് ഷീല്‍ഡ്, ബി.എം.ഡബ്ല്യൂവിന്റേതിന് സമാനമായ റേഡിയേറ്റര്‍ ഗ്രില്‍, വീതിയേറിയ ചക്രങ്ങള്‍, വലിയ വീല്‍ ആര്‍ച്ചുകള്‍, ചെറിയ ഹെഡ്‌ലൈറ്റ് എന്നിവയൊക്കെയാണ് ഗസലിന്റെ പ്രത്യേകതകള്‍. മണല്‍ക്കാറ്റേല്‍ക്കാതെ കണ്ണടച്ച് നില്‍ക്കുന്ന ഒട്ടകംതന്നെയാണ് മുന്നില്‍നിന്ന് നോക്കിയാല്‍ ഗസല്‍.
ലോകത്തെ പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം വികസന ഘട്ടത്തില്‍ ഗസലിന് ലഭിച്ചു. മെഴ്‌സിഡീസ് ബെന്‍സ്, മോട്ടോറോള, കാനഡയിലെ മാഗ്ന എന്നിവയുടെ സഹകരണത്തോടെയാണ് ഈ വാഹനം വികസിപ്പിച്ചത്. എന്നാല്‍ ഗസല്‍ ഒന്ന് വികസിപ്പിച്ചതിന്റെ 90 ശതമാനം നേട്ടവും സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കിങ് സൗദ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അവകാശപ്പെട്ടു. പ്രതിവര്‍ഷം ഗസലിന്റെ 20,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.
രണ്ടോ മൂന്നോ വര്‍ഷത്തിനകം ഗസലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിരത്തുകള്‍ (മണലാരണ്യങ്ങള്‍) കീഴടക്കുമെന്നാണ് പ്രതീക്ഷ. വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണത്തിനായി പ്രമുഖ സ്ഥാപനങ്ങളുമായി സര്‍വകലാശാല അധികൃതര്‍ ബന്ധപ്പെട്ടു വരികയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500 കോടി ഡോളര്‍ നിക്ഷേപം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ഏറെ അഭിമാനത്തോടെയാണ് സൗദി അറേബ്യ ഗസല്‍ വികസനത്തെ കാണുന്നത്. കിങ് സൗദ് സര്‍വകലാശാലയ്ക്കാണ് ഇതിന്റെ പേറ്റന്റ്. സൗദിയിലെ യുവാക്കള്‍ കൈവരിച്ച മികച്ച നേട്ടമാണിതെന്ന് അബ്ദുള്ള രാജാവ് പറഞ്ഞു.
ടാറ്റ ഇന്‍ഡിക്കയാണ് തദ്ദേശീയമായി ഇന്ത്യ ആദ്യമായി വികസിപ്പിച്ച പാസഞ്ചര്‍ കാര്‍. 1998 ലാണ് ഇന്‍ഡിക്ക നിരത്തിലിറങ്ങിയത്. ടാറ്റ ഇറ്റലിയിലെ മോട്ടോര്‍വാഹന രൂപകല്‍പ്പനാ സ്ഥാപനമായ ഐ.ഡി.ഇ.എ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് ഇന്‍ഡിക്കയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ടാറ്റ സ്വന്തമായി വികസിപ്പിച്ചതായിരുന്നു എന്‍ജിന്‍.