പുതുമയോടെ വെര്‍ണ ട്രാന്‍സ്‌ഫോം; 6.55 ലക്ഷം മുതല്‍
Posted on: 24 Jun 2010 ഇന്ത്യന്‍ വിപണിയില്‍ എത്തിയ നാള്‍മുതല്‍ വാഹന പ്രേമികളുടെ മനം കവരാന്‍ ഹ്യുണ്ടായ് സബ് കോംപാക്ട് കാര്‍ വെര്‍ണയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ വെര്‍ണയ്ക്ക് ചന്തം പോരെന്ന് ചിലരെങ്കിലും പറഞ്ഞു. വിപണിയിലെത്തി നാലു വര്‍ഷത്തിനുശേഷം ചില പൊടിക്കൈകളിലൂടെ അകത്തും പുറത്തും പുതുമവരുത്തി വെര്‍ണ വിപണിയില്‍ എത്തിയിരിക്കുന്നു. അടുത്തിടെ ബെയ്ജിങ് ഓട്ടോഷോയില്‍ ഹ്യുണ്ടായ് അവതരിപ്പിച്ച നവീന വെര്‍ണയല്ല ഇത്. പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ആ വെര്‍ണ ഇന്ത്യയിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
ഒറ്റനോട്ടത്തില്‍ പൂര്‍ണ്ണമായും പുതിയ കാറാണെന്ന് വെര്‍ണ ട്രാന്‍സ്‌ഫോം എന്നു തോന്നിയേക്കാം. എന്നാല്‍ ചില മോടികൂട്ടലുകള്‍വഴി കാറിന് അടിമുടി പുതുമ വരുത്തുന്നതില്‍ ഹ്യൂണ്ടായ് മോട്ടോഴ്‌സ് വിജയിച്ചിരിക്കുന്നു.
നവീന ഹെഡ്‌ലാംപും ബമ്പറുമാണ് മുന്നില്‍നിന്ന് നോക്കിയാല്‍ ട്രാന്‍സ്‌ഫോമിന് പുതുമ നല്‍കുന്നത്. ഹ്യുണ്ടായ് ജെനിസിസ് കൂപെയുടേതിന് സാദൃശ്യമുണ്ട് ഹെഡ്‌ലാംപുകള്‍ക്ക്. ഭംഗിക്കപ്പുറം മികച്ച വെളിച്ചം പകരുന്നതാണ് നവീന ഹെഡ്‌ലാംപുകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം ഹെഡ്‌ലാംപിന് മുകളില്‍നിന്ന് താഴേക്ക് മാറിയിട്ടുണ്ട്. കാറിന് കരുത്തന്‍ ഭാവം പകരുന്നതാണ് മുന്‍ ബമ്പര്‍. റേഡിയേറ്റര്‍ ഗ്രില്ലിനും പുതുമയുണ്ട്. എന്നാല്‍ പിന്‍വശത്ത് കാര്യമായ പുതുമകള്‍ ദൃശ്യമല്ല. ക്രോം ഫിനിഷുളള എക്‌സോസ്റ്റ് പൈപ്പ് മാത്രമാണ് പഴയ വെര്‍ണയില്‍നിന്ന് വ്യത്യസ്തമായി കാണാന്‍ കഴിയുന്നത്.