അഞ്ചു സീറ്റുള്ള ചെറിയ ഔട്ട്‌ലാന്‍ഡര്‍ വരുന്നു
Posted on: 26 Jun 2010
ജെനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ചെറിയ ഔട്ട്‌ലാന്‍ഡര്‍ മിത്സുബിഷി ഇന്ത്യയില്‍ എത്തിക്കുന്നു. കോംപാക്ട് എസ്.യു.വി വിഭാഗത്തിലേക്കാണ് അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ചെറിയ ഔട്ട്‌ലാന്‍ഡര്‍ എത്തുന്നത്. ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ നിലവില്‍ ഇന്ത്യയിലില്ല. 2011 ല്‍ വിപണിയിലെത്തുന്ന സ്‌കോഡ യതിയുമായി ഏററുമുട്ടാനാണ് ചെറു ഔട്ട്‌ലാന്‍ഡറിനെ മിത്സുബിഷി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ ലക്ഷ്യമാക്കിയാണ് വാഹനത്തിന്റെ രൂപകല്‍പ്പന.
വലിയ ഔട്ട്‌ലാന്‍ഡറിന്റെ പ്ലാറ്റ്‌ഫോം തന്നെയാകും ചെറുതിനും. എന്നാല്‍ നീളവും വീതിയും ഉയരവുമെല്ലാം കുറവായിരിക്കും. മിത്സുബിഷിയുടെ നവീന രൂപകല്‍പ്പനാ ശൈലി പിന്തുടരുന്നതാണ് ചെറു ഔട്ട്‌ലാന്‍ഡറും. സ്രാവിന്റെ തലയെ അനുസ്മരിപ്പിക്കുന്ന ലാന്‍സര്‍ ഇവോ ടെണ്ണിലുള്ള റേഡിയേറ്റര്‍ ഗ്രില്ലും നവീന ഹെഡ്‌ലാംപും ചെറു ഔട്ട് ലാന്‍ഡറിലും കണ്ടെത്താം.
ഇന്ത്യയെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത വാഹനം ആയതിനാല്‍ ഇന്ധനക്ഷമത ചെറു ഔട്ട്‌ലാന്‍ഡറിന്റെ മുഖമുദ്ര ആയിരിക്കുമെന്ന് കരുതാം. മുന്‍വീല്‍ ഡ്രൈവായ വാഹനത്തിന് നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാകും കരുത്ത് പകരുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമുണ്ടാകും. അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനത്തിന്റെ വില എത്രയാകുമെന്ന് കാത്തിരുന്ന് കാണാം.