യൂറോപ്പിന്റെ കാര്‍ നഗരം
Posted on: 28 Jun 2010
രാധാകൃഷ്ണന്‍ നരിപ്പറ്റ

കണ്ണുചിമ്മി തുറക്കുന്ന വേഗത്തിനിടയില്‍ പിറന്നുവീഴുന്നത് പുതുപുത്തന്‍ കാറുകള്‍. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണശാലയായ ഫോക്‌സ് വാഗന്റെ ജര്‍മനിയിലെ വോള്‍ഫ്‌സ് ബര്‍ഗിലുള്ള പ്ലാന്റില്‍ പ്രതിദിനം നിര്‍മിക്കുന്നത് 3,450 കാറുകളാണ്. 2009ല്‍ ഇവിടെ മൊത്തം ഉല്പാദിപ്പിച്ചത് 7.4 ലക്ഷം കാറുകള്‍. 48,631 പേരാണ് ഈ പ്ലാന്റില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 23,000 പേരും കാര്‍നിര്‍മാണവുമായി നേരിട്ട് ബന്ധമുള്ളവരാണ്. എന്‍ജിനീയര്‍മാര്‍ മാത്രം 9000 പേര്‍.



ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ടംഗ പത്രപ്രവര്‍ത്തക സംഘത്തിന് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ ഈറ്റില്ലം കാണിച്ചുതരാനായി പ്രത്യേക പനോരമ ട്രെയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. കാരണം പ്ലാന്റ് മുഴുവന്‍ നടന്നു കാണണമെങ്കില്‍ രണ്ടാഴ്ചയെടുക്കും. അതായത് ജിബ്രാള്‍ട്ടറിന്റെ വലിപ്പം. ആറര ചതുശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട് മൊത്തം. അതില്‍തന്നെ ഫാക്ടറിഹാളുകളുടെ മൊത്തം വിസ്തീര്‍ണ്ണം 1.6 ചതുരശ്ര കിലോമീറ്റര്‍ വരും. അതായത് മോണാക്കോ പ്രിന്‍സിപ്പാലിറ്റിയുടെ വലിപ്പം. പ്ലാന്റുകള്‍, വെയര്‍ ഹൗസുകള്‍, അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങള്‍, ഔട്ട്‌ഡോര്‍ സൗകര്യങ്ങള്‍ എന്നിവ ബന്ധപ്പെടുത്തി 75 കിലോമീറ്റര്‍ റോഡുകളും 70 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകളുമാണ് ഫാക്ടറിക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്നത്. പ്രസ് ഷോപ്പ്, ബോഡി ഷോപ്പ്, പെയിന്റ് ഷോപ്പ് എന്നിങ്ങനെ മൊത്തം 211 കെട്ടിടങ്ങള്‍. ജീവനക്കാര്‍ക്ക് പ്ലാന്റിനുള്ളില്‍ സഞ്ചരിക്കാനായി 6500 സൈക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

പ്രതിദിനം 150 വാഗണുകളിലും 700 ട്രക്കുകളിലുമാണ് 1900 ഘടക നിര്‍മാതാക്കളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഫോക്‌സ്‌വാഗണ്‍ പ്ലാന്റിനുള്ളില്‍ എത്തുന്നത്. ഗോള്‍ഫ് എ6, ഗോള്‍ഫ് പ്ലസ്, ടുറാന്‍, ടിഗ്വാന്‍ എന്നീ വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിനുപുറമെ ഘടകങ്ങളുടെ നിര്‍മാണവും നടക്കുന്നു.

കാറുകളില്‍ 2000 ഉം ഗോള്‍ഫ് എ6 ആണ്. ടുറാന്‍, ടിഗ്വാന്‍ എന്നിവ 600 എണ്ണം വീതവും ഗോള്‍ഫ് പ്ലസ് 250 എണ്ണവും നിര്‍മിക്കുന്നു. 120 ഡബിള്‍ ഡെക്കര്‍ റെയില്‍ വാഗണുകളിലും 200 ട്രക്കുകളിലുമായി 2800 വാഹനങ്ങളാണ് പ്രതിദിനം ഫോക്‌സ് വാഗണ്‍ പ്ലാന്റില്‍നിന്ന് പുറത്തുപോകുന്നത്. കൃത്രിമമായി നിര്‍മിച്ച മിഡ്‌ലാന്‍ഡ് കനാലിന്റെ കരയിലുള്ള ഫോക്‌സ് വാഗണ്‍ പ്ലാന്റ് തലസ്ഥാനമായ ബെര്‍ലിനില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയാണ്. തൊട്ടടുത്തുള്ള ഹാനോവര്‍ വിമാനത്താവളത്തിലേക്കും 100 കിലോമീറ്റര്‍ ദൂരമുണ്ട്.



എന്നാല്‍ ബെര്‍ലിനില്‍നിന്ന് 'ഐസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സില്‍ ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടെത്താം ഫാക്ടറിയില്‍. ബെര്‍ലിനില്‍ നിന്ന് മൂന്നു മണിക്കൂര്‍ ബോട്ടില്‍ യാത്രചെയ്തും ഫാക്ടറിയിലെത്തുന്നവരുണ്ട്.

26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മന്‍കാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഇറ്റലിക്കാര്‍. പിന്നെ ടുണീഷ്യ... അങ്ങനെ പോവുന്നു. ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരുമുണ്ട്. പക്ഷേ ഇവരില്‍ പലരും ഫോക്‌സ് വാഗണ്‍ പൂണെയില്‍ പ്ലാന്റ് തുടങ്ങിയപ്പോള്‍ തിരിച്ചുവന്നു.ലോകത്തില്‍ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ ജപ്പാനിലെ ടൊയോട്ടയാണ്. അതുകഴിഞ്ഞാല്‍ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സ്. മൂന്നാം സ്ഥാനത്താണ് ഫോക്‌സ്‌വാഗണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കാര്‍ പ്ലാന്റ് അവരുടേതാണ്. കഴിഞ്ഞവര്‍ഷം 63 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച അവര്‍ക്ക് ലോകവിപണിയില്‍ 12 ശതമാനം വിപണിവിഹിതമാണുള്ളത്. പത്തുവര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ ആവുകയാണ് ലക്ഷ്യം. വോള്‍ഫ്‌സ് ബര്‍ഗില്‍ മാത്രം പത്തുലക്ഷം കാര്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

ലോകത്തിലെ 21 രാജ്യങ്ങളിലായി 61 പ്ലാന്റുകളാണ് ഫോക്‌സ് വാഗണുള്ളത്. മൊത്തം 3.7 ലക്ഷം ജീവനക്കാര്‍. 150 രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി നടത്തുന്നുണ്ട്. ഉത്പാദനത്തില്‍ 65 ശതമാനവും കയറ്റുമതിയാണ്. ഒമ്പത് ബ്രാന്‍ഡുകളിലായി പ്രതിദിന ഉത്പാദനം 26,600 എണ്ണം വരും. മൊത്തം 156 മോഡലുകള്‍. 20 നിലകളിലായി രണ്ട് കാര്‍ ടവറുകള്‍ വോള്‍ഫ്‌സ്ബര്‍ഗിലുണ്ട്. ഒന്നില്‍ 390 കാറുകളും മറ്റൊന്നില്‍ 400 എണ്ണവും സൂക്ഷിക്കാനാവും. ഓരോ വര്‍ഷവും 1.7 ലക്ഷം പേരാണ് ഈ ഫാക്ടറി കാണാനെത്തുന്നത്. പലരും കാര്‍ കണ്ട് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കാര്‍ ബുക്ക് ചെയ്യുന്നു.



കമ്പനി സന്ദര്‍ശിക്കുന്നവരില്‍ 70 ശതമാനവും ഭാവിയില്‍ ഫോക്‌സ് വാഗന്റെ ഉടമകളാകുന്നുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കാര്‍ ഡെലിവറിയെടുക്കാനായി മാത്രം പ്രതിദിനം 600 ലേറെപ്പേര്‍ ഫാക്ടറിയിലെത്തുന്നു.


കാര്‍ പിറക്കുന്നത് ഇങ്ങനെ



കാറിന്റെ വലിയൊരുഭാഗം ഉരുക്കാണ്. 3,000 മീറ്റര്‍ നീളമുള്ള കോയിലുകളായാണ് ഷീറ്റ് സ്റ്റീല്‍ ഫാക്ടറിയിലെത്തുന്നത്. പ്രതിദിനം 45 വാഗണുകളിലായെത്തുന്ന 2500 ടണ്‍ ഷീറ്റ് സ്റ്റീലാണ് പ്രസ്സ് ഷോപ്പില്‍ കാര്‍ ഭാഗങ്ങളായി മാറുന്നത്. ബോഡിഷോപ്പില്‍ 2400 ജീവനക്കാരും 1612 റോബോട്ടുകളും ചേര്‍ന്നാണ് വിവിധ ഘട്ടങ്ങളിലായി കാര്‍ബോഡി നിര്‍മിക്കുന്നത്. ലേസര്‍ വെല്‍ഡിങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. ഡോറുകളും മുന്‍ഭാഗവും ഉള്‍ഘടകങ്ങളുമായി ബോഡിഷെല്‍ രൂപപ്പെട്ട് കഴിഞ്ഞാല്‍ പെയിന്റ് ഷോപ്പിലേക്ക് നീങ്ങും. അവിടെ 16 കളറുകളില്‍ മുങ്ങി കാര്‍ മുന്നോട്ടു നീങ്ങും.

80 കിലോഭാരം വരുന്ന മൂന്നര കിലോമീറ്റര്‍ കേബിളുകളാണ് കാറിനുള്ളിലുണ്ടാവുക. അസംബ്ലി ലൈനിലാണ് ബോഡിയും പവര്‍ട്രെയിനും സംയോജിച്ച് കാര്‍ രൂപം കൊള്ളുന്നത്. പിന്നീട് ഉപഭോക്താക്കള്‍ നിര്‍ദേശിച്ച തരത്തിലുള്ള ആഡംബരങ്ങള്‍ ബാര്‍കോഡ് ലേബലിന് അനുസൃതമായി കാറില്‍ ഘടിപ്പിക്കുന്നു. ഗോള്‍ഫിന്റെ തന്നെ 30 ലക്ഷത്തിലേറെ വേരിയന്റുകള്‍ ലഭ്യമാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നാവിഗേഷന്‍ സംവിധാനങ്ങള്‍, ഇന്റീരിയറുകള്‍, ലെതര്‍, സണ്‍റൂഫ് എന്നിവയിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാറ്. െ്രെഡവറുടെ എയര്‍ബാഗ്, സ്റ്റിയറിങ്, സീറ്റുകള്‍, കേന്ദ്ര കണ്‍സോള്‍ എന്നിവ അവസാന ഘട്ടത്തിലാണ് ഘടിപ്പിക്കുക. ഫിനിഷ് ലൈനില്‍ കാര്‍ എത്തിയാല്‍ പ്ലാന്റ് വിടുന്നതിനുമുമ്പ് 50 മിനിട്ട് ടെസ്റ്റ് െ്രെഡവുമുണ്ട്. ഓരോ കാര്‍ ഫയലിലും അത് നിര്‍മിച്ച ജീവനക്കാരുടെ പേരും ഒപ്പും പത്തുവര്‍ഷക്കാലം ഡിജിറ്റല്‍ രൂപത്തില്‍ കമ്പനി സൂക്ഷിക്കും.



ലക്ഷ്യമിട്ടത് കാര്‍; നിര്‍മിച്ചത് യുദ്ധോപകരണങ്ങള്‍


ജനകീയ കാര്‍ നിര്‍മിക്കാനായി 1937 മെയ് 28ന് ബെര്‍ലിനില്‍ രൂപംകൊണ്ട ഫോക്‌സ് വാഗണ്‍ കമ്പനിയുടെ പ്ലാന്റ് 193839 കാലത്താണ് വോള്‍ഫ്‌സ്ബര്‍ഗില്‍ രൂപംകൊള്ളുന്നത്. എന്നാല്‍ ഡിസൈനറായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷേയുടെ സ്വപ്നം അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെ വരവോടെ പൊളിഞ്ഞു.

രണ്ടാംലോകമഹായുദ്ധ കാലത്ത് ഇവിടെ നിര്‍ബന്ധിത ജോലി അടിച്ചേല്പിച്ചു. കാറിനുപകരം പിന്നെ വിമാനച്ചിറകുകളും ഇന്ധനടാങ്കുകളുമാണ് നിര്‍മിച്ചത്. 20,000 അടിമപ്പണിക്കാരില്‍ 5,000 പേര്‍ കോണ്‍സണ്‍ട്രേഷന്‍ക്യാമ്പുകളില്‍ നിന്നുള്ളവരായിരുന്നുവെന്ന് കോര്‍പറേറ്റ് ഹിസ്റ്ററി വിഭാഗത്തിലെ ഡോ. ഉള്‍റിക് ഗുട്‌സ്മാന്‍ പറഞ്ഞു. ഫാക്ടറിക്കുള്ളില്‍ ബങ്കറുകള്‍ നിര്‍മിച്ചിരുന്നു.

യുദ്ധകാലത്ത് ഫാക്ടറിയുടെ 70 ശതമാനവും തകര്‍ന്നു.യുദ്ധാനന്തരം ബ്രിട്ടീഷ് സീനിയര്‍ റെസിഡന്റ് ഓഫീസറായ മേജര്‍ ഇവാന്‍ ഹേസ്റ്റ് കമ്പനി പുനരുദ്ധരിച്ച് 1945 ഡിസംബര്‍ 27ന് ഫോക്‌സ് വാഗണ്‍ ബീറ്റിലുകളുടെ നിര്‍മാണം
പുനരാരംഭിക്കുകയായിരുന്നു.



Print
SocialTwist Tell-a-Friend


Other stories in this section