കാറ്റായ് വെന്റോ
Posted on: 07 Jul 2010 മിഡ് സൈസ് സെഡാന്‍ വെന്റോ ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വെന്റോ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ കാറ്റ്. ഇന്ത്യന്‍ വിപണിയിലുള്ള ചെറുകാര്‍ പോളോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വലിയാ കാറാണ് വെന്റോ. എന്നാല്‍ പോളോയെക്കാള്‍ 96 എം.എം അധിക വീല്‍ബെയ്‌സ് ഉണ്ട് ഇതിന്. ഹോണ്ട സിറ്റി, മാരുതി എസ്.എക്‌സ് ഫോര്‍ എന്നിവയോട് മത്സരിക്കാനാണ് വെന്റോ ഇന്ത്യയിലെത്തുന്നത്. ദീപാവലിയോട് അനുബന്ധിച്ച് നിരത്തിലിറങ്ങുന്ന കാറിന് ഏഴുമുതല്‍ ഒന്‍പത് ലക്ഷം വരെയാകും വില.
1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് വെന്റോ എത്തുന്നത്. 105 ബി.എച്ച്.പി കരുത്ത് നല്‍കുന്നതാണ് രണ്ട് എന്‍ജിനുകള്‍. ഡീസല്‍ എന്‍ജിന്‍ 26 കെ.ജി.എം ടോര്‍ക്കും പെട്രോള്‍ 16 കെ.ജി.എം ടോര്‍ക്കും പകരും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ കാറിന്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകള്‍ പെട്രോള്‍ വെന്റോയില്‍ ലഭിക്കും.
ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, ടൂ ടോണ്‍ ഇന്റീരിയര്‍, പിന്‍ സീറ്റ് യാത്രക്കാര്‍ക്കുള്ള എ.സി വെന്റുകള്‍, പിന്‍ സീറ്റിലെ മൂന്ന് ആം റെസ്റ്റുകള്‍ തുടങ്ങിയവയാണ് വെന്റോയുടെ ശ്രദ്ധേയമായ സവിശേഷതകള്‍. സ്റ്റിയറിങ് വീലില്‍ ഓഡിയോ സ്വിച്ചുകള്‍ ഇല്ലെന്ന ന്യൂനത ഒറ്റനോട്ടത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടും. ഇന്ത്യയിലെ പരുക്കന്‍ റോഡുകളും കടുത്ത കാലാവസ്ഥയും മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്തതാണ് വെന്റോയുടെ സസ്‌പെന്‍ഷനും എ.സിയുമെന്ന് ഫോക്‌സ് വാഗണ്‍ അവകാശപ്പെടുന്നു.
സ്ഥലസൗകര്യം, സ്റ്റൈല്‍, ആഡംബരം, സുരക്ഷിതത്വം എന്നിവയില്‍ ഏറെ പുതുമകളുമായി എത്തുന്ന വെന്റോ കാര്‍ വിപണിയില്‍ മുന്‍പന്തിയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രതീക്ഷ. പുണെയ്ക്കടുത്ത് ചക്കാനിലെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കുന്ന ഫോക്‌സ്‌വാഗണ്‍ വെന്റോ, ഇന്ത്യന്‍ കാര്‍ വിപണിയില്‍ 8-10 ശതമാനം വിപണി വിഹിതം കൈയടക്കുകയെന്ന ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ച് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് വന്‍ പ്രതീക്ഷയാണുള്ളതെന്ന് വെന്റോ പുറത്തിറക്കിയ ഫോക്‌സ്‌വാഗണ്‍ ബോര്‍ഡ് മെമ്പര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ക്രിസ്ത്യന്‍ ക്ലിങ്ക്‌ളര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ആദ്യ ആറുമാസം 16,900 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 100 ശതമാനം കൂടുതലാണിത്. ജര്‍മന്‍ എന്‍ജിനീയറിങ്ങിന്റെ എല്ലാ മികവും ഒത്തിണങ്ങിയ വെന്റോ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാവുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ ഡയറക്ടര്‍ നീരജ് ഗാര്‍ഗ് പറഞ്ഞു.