ഓള്‍ട്ടോയോട് മത്സരിക്കാന്‍ അഞ്ചു കാറുകള്‍
Posted on: 11 Jul 2010

ബെസ്റ്റ് സെല്ലര്‍ ഹാച്ച്ബാക്ക് ഓള്‍ട്ടോയുടെ വില്‍പ്പന ഉയരുകയാണ്. 25,000 ഓള്‍ട്ടോകളാണ് മെയ് മാസം നിരത്തില്‍ ഇറങ്ങിയത്. പ്രതിമാസം 16,000 മുതല്‍ 20,000 യൂണിറ്റുകള്‍ വരെ ആയിരുന്നു മുന്‍പ് ഓള്‍ട്ടോയുടെ വില്‍പ്പന. മാരുതി സുസുക്കി ഓള്‍ട്ടോയുടെ വിപണി കീഴടക്കാന്‍ എതിരാളികള്‍ക്കൊന്നും കഴിയില്ലെന്ന തോന്നല്‍ ജനിപ്പിക്കും വിധമാണ് ചെറുകാറിന്റെ വില്‍പ്പന ഉയരുന്നത്.

ഈ സാഹചര്യം മനസിലാക്കി 2- 3.5 ലക്ഷം വിലയുള്ള കാറിന്റെ വിപണിയില്‍ കണ്ണുവയ്ക്കുന്നവരേറെ. ചെറുകാര്‍ നിര്‍മ്മാണത്തില്‍ മികവ് തെളിയിച്ച പ്രമുഖ നിര്‍മ്മാതാക്കളാണ് 800- 1000 സി.സി വിഭാഗത്തില്‍ ചെറുകാര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. കുറഞ്ഞത് അഞ്ചു കാറുകളെങ്കിലും ഓള്‍ട്ടോ ആധിപത്യം പുലര്‍ത്തുന്ന ചെറുകാര്‍ വിപണിയില്‍ വൈകാതെയെത്തും.

ഹ്യുണ്ടായ് എച്ച് 800



ഓള്‍ട്ടോയുടെ വിപണി കീഴടക്കാന്‍ ഹ്യുണ്ടായ് വികസിപ്പിക്കന്ന ചെറുകാറിനെ എച്ച് 800 എന്ന കോഡ് ഉപയോഗിച്ചാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. 400 എന്‍ജിനിയര്‍മാര്‍ അടങ്ങിയ സംഘം ഇന്ത്യയിലാണ് കാര്‍ വികസിപ്പിക്കുന്നത്. ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് ചെറുകാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2007 ല്‍ തുടങ്ങിയ വികസന പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്. 2012 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ അവതരിപ്പിക്കുകയാണ് ഹ്യുണ്ടായുടെ ലക്ഷ്യം.800-900 സി.സി കാപ്പ എന്‍ജിന്റെ വകഭേദമാകും കാറില്‍ ഉണ്ടാകുകയെന്ന് കരുതുന്നു. സാന്‍ട്രോയ്ക്ക് സമാനമായ ടോള്‍ബോയ് രൂപമുള്ളതാണ് ചെറുകാറെന്നും സൂചനയുണ്ട്.

ടാറ്റായുടെ പ്രോജക്ട് ഡോള്‍ഫിന്‍



പ്രോജക്ട് ഡോള്‍ഫിന്‍ എന്നാണ് ടാറ്റാ ചെറുകാര്‍ പദ്ധതിയെ വികസിപ്പിക്കനത്. നാനോയ്ക്കും ഇന്‍ഡിക്കയ്ക്കും ഇടയിലുള്ള കാറാണ് ടാറ്റ സ്വപ്‌നം കാണുന്നത്. ഇതിന് 3.5 ലക്ഷത്തിനുമേല്‍ വിലവരുമെന്ന് ടാറ്റാ പ്രതീക്ഷിക്കുന്നു. ടാറ്റയും ഫിയറ്റും ചേര്‍ന്നാണ് കാര്‍ വികസിപ്പിക്കുന്നത്. 950 സി.സി എന്‍ജിനുള്ള ചെറുകാര്‍ നാനോയില്‍നിന്ന് വ്യത്യസ്തമായി മുന്‍ എന്‍ജിന്‍ മുന്‍വീല്‍ ഡ്രൈവ് ആയിരിക്കും.

ഫോക്‌സ് വാഗണ്‍ അപ്



ജര്‍മ്മനിയില്‍ വികസന ഘട്ടത്തിലുള്ള ഫോക്‌സ് വാഗണിന്റെ ചെറുകാര്‍ അപ് നേരിയ രൂപമാറ്റങ്ങളോടെ ഇന്ത്യയിലെത്തും. 2.5- 4 ലക്ഷമാകും അപ്പിന്റെ വിലയെന്നാണ് സൂചന. 2012 ല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അപ്പ് വികസിപ്പിക്കുന്നത്. ടോയ് ബോയ് രൂപഭാവമുള്ള അപ്പ് മുന്‍ എന്‍ജിന്‍ മുന്‍വീല്‍ ഡ്രൈവ് ആയിരിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമാക്കി വിലകുറഞ്ഞ അപ്പും യൂറോപ്യന്‍ വിപണിയിലേക്ക് വിലകൂടിയ അപ്പും നിര്‍മ്മിക്കുമെന്നാണ് സൂചന. ടാറ്റാ വിലകുറഞ്ഞ കാര്‍ നാനോയുടെ വിലയേറിയ പതിപ്പ് നാനോ യൂറോപ്പ വികസിപ്പിച്ചതിന് സമാനമായാണിത്.

ഫിയറ്റിന്റെ എ സെഗ്മെന്റ് കാര്‍



യൂറോപ്യന്‍ വിപണിയെയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും ലക്ഷ്യമാക്കിയാണ് ഫിയറ്റ് സബ് പുന്തോ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. യൂറോപ്യന്‍ വിപണിയില്‍ സുസുക്കി ഓള്‍ട്ടോ (ഇന്ത്യയിലെ എ സ്റ്റാര്‍), നിസാന്‍ പിക്‌സോ എന്നിവയോട് മത്സരിക്കാന്‍ ഫിയറ്റിന് ഒരു ചെറുകാര്‍ ആവശ്യമാണ്. ബ്രസീലില്‍ അടുത്തിടെ ഫിയറ്റ് അവതരിപ്പിച്ച പുതിയ യൂനോ സബ് പുന്തോയായി ഇന്ത്യയില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ജി.എമ്മിന്റെ ചെറുകാര്‍



ഇന്ത്യ ചൈന തുടങ്ങിയ ഏഷ്യന്‍ വിപണികളെ ലക്ഷ്യമാക്കിയാണ് ജനറല്‍ മോട്ടോഴ്‌സ് സ്​പാര്‍ക്കിനെക്കാള്‍ വിലകുറഞ്ഞ കാര്‍ വികസിപ്പിക്കുന്നത്. വിലകുറഞ്ഞ കാര്‍ വില്‍പ്പനയിലൂടെ ഈ രാജ്യങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കുകയാണ് ജി. എമ്മിന്റെ ലക്ഷ്യം. ബാംഗ്ലൂരിലെ കേന്ദ്രത്തിലാണ് കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പൂര്‍ണ്ണമായും ഇന്ത്യയിലാകും ചെറുകാറിന്റെ നിര്‍മ്മാണം. പ്ലാസ്റ്റിക് അടക്കമുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് സിറ്റി കാര്‍ നിര്‍മ്മിക്കാനുള്ള ഗവേഷണങ്ങള്‍ ജി.എം മുന്‍പ് നടത്തിയിരുന്നു. വിലകുറഞ്ഞ ചെറുകാര്‍ ലോഹ നിര്‍മ്മിതമായിരിക്കുമെങ്കിലും മുന്‍പ് നടത്തിയ ഗവേഷണത്തിന്റെ ഗുണഫലങ്ങള്‍ ചെറുകാറില്‍ ജി.എം ഉപയോഗിക്കുമെന്നാണ് സൂചന.





Print
SocialTwist Tell-a-Friend


Other stories in this section