യമഹയുടെ വൈദ്യുത സ്‌കൂട്ടര്‍ ഇ.സി 3
Posted on: 14 Jul 2010 പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാവായ യമഹ ഹ്രസ്വദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വൈദ്യുത സ്‌കൂട്ടര്‍ ഇ.സി 3 ടോക്യോവില്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരിക്കാത്ത തീര്‍ത്തും നിശബ്ദനായ വാഹനമാണ് ഇ.സി ത്രീ. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. നഗരവാസികളുടെ ഹ്രസ്വദൂര രാത്രി യാത്രകള്‍ മുന്നില്‍ക്കണ്ടാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചതെന്ന് ജപ്പാനിലെ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവായ യമഹ മോട്ടോര്‍ കമ്പനി അവകാശപ്പെടുന്നു. 2,40,000 യെന്‍ (2,700 ഡോളര്‍) ആണ് വില. 2011 ല്‍ യൂറോപ്യന്‍ വിപണിയില്‍ വൈദ്യുത സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് യമഹ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ വൈകാതെ ഇ.സി 3 ഇന്ത്യയിലും എത്തിയേക്കും.
ഒരുതവണ ചാര്‍ജ്ജു ചെയ്താല്‍ 43 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വൈദ്യുത സ്‌കൂട്ടറിനു കഴിയും. എന്നാല്‍ തിരക്കേറിയ നഗര വീഥിയിലൂടെ ഇഴഞ്ഞു നീങ്ങിയാല്‍ 25 കിലോമീറ്റര്‍ ദൂരത്തിലേറെ സഞ്ചരിക്കാന്‍ ഇ.സി ത്രീയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വീട്ടിലെ വൈദ്യുത സോക്കറ്റില്‍നിന്ന് ചാര്‍ജ്ജു ചെയ്യാവുന്ന വാഹനം ഉടന്‍ ജപ്പാനിലെ ഷോറൂമുകളിലെത്തും. 2011 ല്‍ തായ് വാനിലും യൂറോപ്പിലുമെത്തും. അമേരിക്കന്‍ വിപണിയിലും വാഹനം ഉടന്‍ എത്തിക്കുമെന്ന് യമഹ പറയുന്നു.
ആദ്യവര്‍ഷം ജപ്പാനില്‍ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കുകയാണ് യമഹയുടെ ലക്ഷ്യം. വൈകാതെ വൈദ്യുത സ്‌കൂട്ടറുകളുടെ ലോക വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്ത് അരനൂറ്റാണ്ടു കാലത്തെ പരിചയമുള്ള യമഹ പ്രതീക്ഷിക്കുന്നു. വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് ഏറെ പ്രിയമുള്ള ചൈനയില്‍ ചെറുകിട നിര്‍മ്മാതാക്കളില്‍നിന്ന് യമഹയുടെ ഇരുചക്ര വാഹനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.
ജപ്പാനിലെ ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനമുള്ള ഹോണ്ട കഴിഞ്ഞ ഏപ്രിലില്‍ ഇ.വി നിയോ എന്ന വൈദ്യുത സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇ.വി നിയോ വിപണിയില്‍ ഇറക്കുന്നതിനെക്കുറിച്ച് ഹോണ്ട തീരുമാനം എടുത്തിട്ടില്ല. പത്രസ്ഥാപനങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഇ.വി നിയോ വാടകയ്ക്ക് കൊടുക്കാനാണ് ഹോണ്ടയുടെ പദ്ധതി. വൈദ്യുത സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററിയുടെ ഉയര്‍ന്ന വിലയാണ് ഹോണ്ടയുടെ ആശങ്കയ്ക്ക് പിന്നില്‍.
സാന്യോ ഇലക്ട്രിക് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളാണ് യമഹ അവതരിപ്പിച്ച വൈദ്യുതസ്‌കൂട്ടറില്‍ ഉപയോഗിക്കുന്നത്. ഷോപ്പിങ്ങിന് പോകുവാന്‍ സാധാരണയായി സൈക്കിളുകള്‍ ഉപയോഗിക്കുന്ന ജപ്പാനിലെ വനിതകള്‍ യമഹയുടെ വൈദ്യുത സ്‌കൂട്ടറുകളിലേക്ക് ചുവടുമാറുമോയെന്ന് കാത്തിരുന്ന് കാണാം.