കാര്‍ സാങ്കേതികതയിലേക്ക് മൈക്രോസോഫ്റ്റും
Posted on: 16 Jul 2010

കാറിന്റെ മുന്‍സീറ്റുകളെ കോക്പിറ്റ് എന്നു വിളിച്ചപ്പോള്‍ ചിരിച്ചവരുണ്ട്. മുന്‍നിര കാറുകളെ മാത്രമല്ല സാധാരണക്കാരന്റെ വാഹനങ്ങളേയും മൈക്രോ ചിപ് സാങ്കേതികവിദ്യ മാറ്റി മറിക്കുന്നതിനു മുമ്പായിരുന്നു അത്. ഫോര്‍ഡും ബി.എം.ഡബ്ല്യുവും മാത്രമല്ല ചെറുകാറുകള്‍ പോലും ഇന്ന് ആഡംബര സൗകര്യങ്ങള്‍ക്കെല്ലാം സാങ്കേതികരൂപം നല്‍കുന്ന തിരക്കിലാണ്. ഒടുവില്‍ മൈക്രോസോഫ്റ്റും ഈ മേഖലയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. ഏറ്റവും അവസാനമായി അവര്‍ ഹ്യുണ്ടായിയുമായി സഹകരിച്ച് ഓട്ടോമോട്ടീവ് ഐ.ടി. ഇന്നവേറ്റീവ് സെന്റര്‍ എന്ന പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തു.



സ്മാര്‍ട്ട് ഫോണും സ്റ്റീരിയോ സംവിധാനവുമായി ബന്ധപ്പെടുത്തുന്ന ഒരു വോയ്‌സ് കണ്‍ട്രോള്‍ സംവിധാനമാണ് മൈക്രോസോഫ്റ്റ് ഹ്യുണ്ടായ് ദ്വന്ദ്വം ആദ്യമായി വിപണിയിലിറക്കാന്‍ പോകുന്നത്. പിന്നീട് ഇത് വിപുലമായ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയാ സംവിധാനമായി വികസിപ്പിക്കാനാണ് പദ്ധതി. 'കോക്ക്പിറ്റിനെ' ക്രമേണ വിവിധ സോഫ്റ്റ് വെയറുകളുപയോഗിക്കാവുന്ന ഒരു കൊച്ചു കംപ്യൂട്ടറാക്കി മാറ്റുകയാണ് മൈക്രോസോഫ്റ്റിന്റെ സ്വപ്നം. ബി.എം.ഡബ്ല്യു.പോലുള്ള വന്‍കിട കമ്പനികള്‍ ഇപ്പോള്‍ തന്നെ കാറുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്നുണ്ടെന്ന കാര്യം ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.

മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ഫോര്‍ഡ് നേരത്തേ തന്നെ സിങ്ക് എന്ന ഓഡിയോ സംവിധാനം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ മുതല്‍ സാധാരണ മൊബൈല്‍ ഫോണ്‍ വരെ കണക്റ്റുചെയ്യുകയും ഒപ്പം നമ്മുടെ ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒന്ന്. ഫോര്‍ഡിന്റെ എന്‍ട്രി ലെവല്‍ സെഡാന്‍ കാറുകളില്‍ പോലും നല്‍കാന്‍ തുടങ്ങിയതോടെ അമേരിക്കയില്‍ പുതുതലമുറയ്ക്കിടയില്‍ ഇവ ഹിറ്റാകുകയും ചെയ്തു. ഈ സംവിധാനവുമായി മത്സരിക്കുകയാണ് ഓട്ടോമോട്ടീവ് ഐ.ടി.ഇന്നവേറ്റീവ് സെന്ററിന്റെ ലക്ഷ്യമെന്നത് വ്യക്തം. പണത്തേക്കാളുപരി ഡിസൈനിലും ടെക്‌നോളജിയിലും ശ്രദ്ധിച്ച് അമേരിക്കന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഹ്യുണ്ടായിക്ക് ഇത് ഗുണകരമാകുമെന്നും ഉറപ്പ്.

ബി.എസ്.ബിമിനിത്‌



Print
SocialTwist Tell-a-Friend


Other stories in this section