നാനോയുടെ വില നാലു ശതമാനം വര്‍ദ്ധിപ്പിക്കുന്നു
Posted on: 16 Jul 2010

നാനോ കാറുകളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ആദ്യത്തെ ഒരുലക്ഷം നാനോകള്‍ നിരത്തിലിറക്കിയ ശേഷമാകും വിലവര്‍ദ്ധന നിലവില്‍ വരിക. നാനോ ബുക്കുചെയ്ത് കാത്തിരിക്കുന്നവരില്‍ ആദ്യത്തെ ഒരുലക്ഷത്തിന് ശേഷമുള്ളവരെ വില വര്‍ദ്ധിപ്പിക്കുന്ന കാര്യം ടാറ്റാ മോട്ടോഴ്‌സ് ഉടന്‍ അറിയിക്കും. നാനോ സ്വന്തമാക്കാന്‍ നാലു ശതമാനംവരെ അധികതുക നല്‍കേണ്ടി വരുമെന്നാണ് ടാറ്റാ മോട്ടോഴ്‌സ് അറിയിക്കുന്നത്.



നിര്‍മ്മാണ വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുള്ള നാനോയ്ക്ക് വില കൂട്ടേണ്ടി വരുന്നത്. വിവിധ മോഡലുകളുടെ വില മൂന്ന് മുതല്‍ നാലു ശതമാനം വരെയാകും വര്‍ദ്ധിക്കുക. നാനോ ബുക്കുചെയ്ത ആദ്യത്തെ ഒരുലക്ഷം പേര്‍ക്ക് ടാറ്റാ ആദ്യം പ്രഖ്യാപിച്ച വിലയായ 1.23 - 1.72 ലക്ഷത്തിന് (എക്‌സ് ഷോറൂം ന്യൂഡല്‍ഹി) തന്നെ നാനോ സ്വന്തമാക്കാം.

ഉരുക്ക്, റബ്ബര്‍ എന്നിവ അടക്കമുള്ളവയുടെ വില കൂടിയതാണ് നാനോയുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയത്. ഗുജറാത്തിലെ സദാനന്ദില്‍ അടുത്തിടെ തുറന്ന പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പ്രതിവര്‍ഷം 2,50,000 നാനോ കാറുകള്‍ പുറത്തിറക്കാന്‍ കഴിയും. ടാറ്റാ നാനോയ്ക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് അതോടെ അവസാനിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.



നാനോ ബുക്കുചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുവര്‍ഷം ബുക്കിങ് തുകയ്ക്ക് 8.5 ശതമാനം പലിശ നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. രണ്ടു വര്‍ഷത്തിനു ശേഷവും കാത്തിരിക്കേണ്ടി വരുന്നവര്‍ക്ക് 8.75 ശതമാനം പലിശ നല്‍കും. നാനോ ആദ്യം ബുക്കുചെയ്ത ഒരുലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ മെയ്ന്റനന്‍സ്, 4000 രൂപ വിലവരുന്ന അനുബന്ധ ഘടകങ്ങള്‍, എക്സ്റ്റന്റഡ് വാറണ്ടി എന്നിവയില്‍ ഏതെങ്കിലും നല്‍കുമെന്നും ടാറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്.



Print
SocialTwist Tell-a-Friend


Other stories in this section