മെഴ്‌സിഡീസ് എസ്.എല്‍.എസ്. എ.എം.ജി. ഇന്ത്യയില്‍
Posted on: 17 Jul 2010

മെഴ്‌സിഡീസ് ബെന്‍സിന്റെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എസ്. എല്‍.എസ്. എ.എം.ജി. ഇന്ത്യയില്‍ പുറത്തിറക്കി. മുകളിലേക്ക് തുറക്കുന്ന ഡോറുകളാണ് (ഗള്‍വിങ്) ഇതിന്റെ ഒറ്റനോട്ടത്തിലെ ആകര്‍ഷണം. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് വെറും 3.8 സെക്കന്റ് മതി. കാര്‍ ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയത് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. വില്‍ഫ്രഡ് ആല്‍ബറാണ്.




എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മാതൃകയിലാണ് കാറിന്റെ അകവശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്നതാണിത്. ഇ-സെലക്ട് ലിവറില്‍ നിയന്ത്രിക്കുന്ന എ.എം.ജി സ്​പീഡ് ഷിഫ്റ്റ് ഡി.സി.ടി 7-സ്​പീഡ് ട്രാന്‍സ്മിഷന്‍ ജെറ്റ് വിമാനത്തിന്റെ മാതൃകയിലാണ്. നാല് വ്യത്യസ്ത ഡ്രൈവിങ് മോഡില്‍ വണ്ടിയോടിക്കാം. സി(കണ്‍ട്രോള്‍ഡ് എഫിഷ്യന്‍സി), എസ്(സ്‌പോര്‍ട്), എസ്+(സ്‌പോര്‍ട്‌സ് +), എം(മാന്വല്‍) മോഡുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം.



കാറിന്റെ ബോഡിയും ഷാസിയും നിര്‍മിച്ചത് അലൂമിനിയത്തിലാണ്. 6.3 ലിറ്റര്‍ വി8 എന്‍ജിനാണ് എസ്.എല്‍.എസ്. എ. എം.ജിക്ക് ശക്തിപകരുന്നത്. മണിക്കൂറില്‍ 317 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. 6208 സി.സി എന്‍ജിനാണിതില്‍. സൂപ്പര്‍ പ്ലസ് ഇന്ധനമാണ് കാറില്‍ ഉപയോഗിക്കുന്നത്.2680 മില്ലീമീറ്ററാണ് കാറിന്റെ വീല്‍ബേസ്. നീളം 4638ഉം വീതി 1939ഉം ഉയരം 1262ഉം മില്ലീമീറ്ററാണ്. 19ഉം 20ഉം ഇഞ്ച് വരുന്ന വലിയ ചക്രവും ഭംഗിപകരുന്നു. രണ്ട് മുതല്‍ രണ്ടര കോടി രൂപവരെയാണ് വില. കഴിഞ്ഞ മാസം വരെ പത്ത് ബുക്കിങ്ങുകള്‍ ലഭിച്ചുകഴിഞ്ഞതായി കമ്പനി പറഞ്ഞു.

മെര്‍കിന്റെ 'ഗള്‍വിങ്' മടങ്ങിവരുന്നു



Print
SocialTwist Tell-a-Friend


Other stories in this section