പുന്തോ 90 എച്ച്.പി ഇമോഷന്‍
Posted on: 20 Jul 2010

ഹാച്ച്ബാക്ക് പുന്തോയുടെ 90 എച്ച്.പി ഡീസല്‍ ഇമോഷന്‍ വേരിയന്റ് ഫിയറ്റ് ഇന്ത്യ പുറത്തിറക്കി. ലിനിയയില്‍നിന്ന് കടംകൊണ്ട 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് പുന്തോയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നത്. പുന്തോയുടെ 75 ഹോഴ്‌സ് പവര്‍ എന്‍ജിനെക്കാള്‍ 15 ബി.എച്ച്.പി അധിക കരുത്താണ് പുതിയ ഇമോഷന്‍ വേരിയന്റില്‍നിന്ന് ലഭിക്കുന്നത്.



6.79 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മറ്റ് പുന്തോകളിലുള്ള ഫിക്‌സഡ് ജ്യോമെട്രി ടര്‍ബോ ചാര്‍ജറിന്റെ സ്ഥാനത്ത് നവീകരിച്ച വേരിയബിള്‍ ജ്യോമെട്രി ടര്‍ബോ ചാര്‍ജര്‍ ഇടംനേടിയിട്ടുണ്ട്.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇതിന് മറ്റു പുന്തോകളെക്കാള്‍ 3.8 സെക്കന്‍ഡ് സമയം കുറച്ചുമതി. പരമാവധി വേഗം മറ്റുവേരിയന്റുകളെക്കാള്‍ മണിക്കൂറില്‍ പത്ത് കിലോമീറ്റര്‍ അധികമാണ്. നവീന എന്‍ജിന് പുറമെ പുന്തോയുടെ അകത്തും പുറത്തും ഫിയറ്റ് നേരിയ പുതുമകള്‍ വരുത്തിയിട്ടുണ്ട്. ഫിയറ്റ് പുന്തോയുടെ നിലവിലുള്ള വേരിയന്റുകള്‍ക്കൊപ്പം പുതിയ 90 എച്ച്.പി ഇമോഷന്‍ വേരിയന്റും ഇനി വിറ്റഴിക്കും.



1248 സി.സി 16 വാല്‍വ് ഡി.ഒ.എച്ച്.സി എന്‍ജിനാണ് പുതിയ പുന്തോ വേരിയന്റിലുള്ളത്. ആറു സ്​പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 6,86,657 ആണ് പുന്തോ 90 എച്ച്.പി ഇമോഷന്‍ പായ്ക്കിന്റെ കോഴിക്കോട്ടെ എക്‌സ് ഷോറൂം വില. ടില്‍റ്റ് സൗകര്യമുളള പവര്‍ സ്റ്റിയറിങ്, ക്ലച്ച് ഫുട്‌റെസ്റ്റ്,സെന്‍ട്രല്‍ ലോക്കിങ്, മുന്‍പിന്‍ പവര്‍ വിന്‍ഡോസ്, റിമോട്ട് കീലെസ് എന്‍ട്രി, വൈദ്യുത നിയന്ത്രിത റിയര്‍വ്യൂ മിറര്‍, പിന്‍ ഡീഫോഗര്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ ഗിയര്‍ഷിഫ്റ്റ് നോബ് തുടങ്ങിയ സവിശേഷതകളെല്ലാം 90 എച്ച്.പി ഇമോഷന്‍ പായ്ക്കില്‍ ലഭിക്കും.



Print
SocialTwist Tell-a-Friend


Other stories in this section