ഗുര്‍ചരണ്‍ കാര്‍ കഴുകുന്നു; കൂലി അഞ്ചു ലക്ഷം
Posted on: 21 Jul 2010

ലണ്ടന്‍: ഗുര്‍ചരണ്‍ സഹോട്ടയെക്കൊണ്ട് കഴുകിച്ചാല്‍ കാര്‍ പുത്തന്‍പോലെയിരിക്കും. കൂലി അല്പം കൂടുതലാണെന്നു മാത്രം. 7,200 പൗണ്ട് (ഏതാണ്ട് അഞ്ചുലക്ഷം രൂപ.) നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പുതുപുത്തന്‍ കാര്‍ വാങ്ങാന്‍വേണ്ട പണം. കാര്‍ കഴുകുന്നത് നിസ്സാര ജോലിയാണെന്ന് കരുതുന്നവര്‍ ഈ ഇന്ത്യക്കാരെനയൊന്നു കാണണം. ബ്രിട്ടനിലെ ഡെര്‍ബി ഷെയറിലുള്ള ഗുര്‍ചരണിന്റെ ഗാരേജ് ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകഴുകല്‍ കേന്ദ്രമെന്ന വിശേഷണത്തിന് അര്‍ഹമാണ്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചാണീ മുപ്പതുകാരന്‍ കോടീശ്വരന്മാരുടെ ആഡംബരക്കാറുകള്‍ മിനുക്കിക്കൊടുക്കുന്നത്.



സോപ്പും വെള്ളവുമുപയോഗിച്ചാണ് ആദ്യകാലത്ത് ഗുര്‍ചരണും കാറുകഴുകിയിരുന്നത്. ഇപ്പോള്‍ പക്ഷേ, സ്ഥിതി മാറി. വിവിധ ഘട്ടങ്ങളിലായി 250 മണിക്കൂര്‍ നീളുന്ന ബൃഹത്പ്രക്രിയയാണത്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ആദ്യം സാധാരണപോലത്തെ കഴുകല്‍. പിന്നെ പോലീസുകാരുപയോഗിക്കുന്ന ഫോറന്‍സിക് മൈക്രോസ്‌കോപ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ സൂക്ഷ്മപരിശോധനയാണ്. എവിടെയെങ്കിലും പോറലുകളുണ്ടോ എന്നു നോക്കാന്‍ ഇറക്കുമതി ചെയ്ത നൂറോളം ശുചീകരണ വസ്തുക്കളും മെഴുകുകളും ഉപയോഗിച്ച് ആവര്‍ത്തിച്ചുള്ള കഴുകലും മിനുക്കലുമാണ് പിന്നെ. അകത്തും പുറത്തും അഞ്ചുതവണ പോളീഷ് ചെയ്ത് വണ്ടി പുറത്തിറങ്ങുമ്പോള്‍ ഒരുമാസം കഴിയും.

അച്ഛന്‍ ഗുര്‍ബിന്ദറിന്റെ ഗാരേജ് അഞ്ചുവര്‍ഷം മുമ്പാണ് ഗുര്‍ചരണ്‍ 'എലീറ്റ് ഡിറ്റൈലിങ്' എന്ന് പേരിട്ട് ഇറ്റാലിയന്‍ മാര്‍ബിള്‍ പതിച്ച് പുതുക്കിയെടുത്തത്. ഫെറാറി, റോള്‍ഡ്‌റോയ്‌സ് തുടങ്ങി നൂറുകണക്കിന് ആഡംബരക്കാറുകള്‍ ഗുര്‍ചരണിന്റെ കൈളിലൂടെ കടന്നുപോയിക്കഴിഞ്ഞു. ''പരിപൂര്‍ണത വേണ്ടവരാണ് ഇവിടെ വരുന്നത്.

5,00,000 പൗണ്ടിന്റെ കാറു വാങ്ങുന്നവര്‍ക്ക് അതു കഴുകാന്‍ 7,200 ഡോളര്‍ ചെലവിട്ടാലെന്താ?'' ഗുര്‍ചരണ്‍ ചോദിക്കുന്നു. ''കുട്ടിക്കാലത്ത് ഞാന്‍ പലരുടെയും കാറു കഴുകിയിട്ടുണ്ട്. ആരും പണം തരാറില്ല''ഇപ്പോള്‍ കൈനിറയെ പണമുള്ള ഗുര്‍ചരണ്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ കഴുകിയെടുക്കുന്ന ഈ യുവാവിന് ഇപ്പോള്‍ കാറില്ല. സ്വന്തമായുണ്ടായിരുന്ന ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ. അടുത്തയിടെ വിറ്റു.



Print
SocialTwist Tell-a-Friend


Other stories in this section