ടൊയോട്ട കൊറോള ഓള്‍ട്ടിസ് ഡീസല്‍
Posted on: 21 Jul 2010

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ ടൊയോട്ട മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ വിഭാഗം കൊറോള ഓള്‍ട്ടിസിന്റെ ഡീസല്‍ പതിപ്പ് പുറത്തിറക്കി. ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് അവതരിപ്പിച്ച കാറിന് 10.95 ലക്ഷം മുതല്‍ 13.75 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. ഡി4ഡിജെ, ഡി4ഡിജി, ഡി4ഡിജിഎല്‍ എന്നീ വേരിയന്റുകള്‍ ലഭ്യമാണ്. ഏറ്റവും മുന്തിയ മോഡലിന് 13.75 ലക്ഷം രൂപയാണ് വില.




വളരെ വേഗം വളരുന്ന ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് ഓള്‍ട്ടിസിന്റെ പെട്രോള്‍ മോഡല്‍ അവതരിപ്പിച്ച കമ്പനി, വിപണി സാന്നിധ്യം ശക്തമാക്കാനാണ് ഡീസല്‍ മോഡലിലൂടെ ലക്ഷ്യമിടുന്നത്. ഓള്‍ട്ടിസിന്റെ പെട്രോള്‍ മോഡലിന് 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെയാണ് വില.

1.4 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്തു പകരുന്നത്. 88.4 പി.എസാണ് പരമാവധി കരുത്ത് ടോര്‍ക്ക് 205 ന്യൂട്ടണ്‍ മീറ്ററും. ടൊയോട്ടയുടെ തന്നെ പ്രമുഖ മോഡലുകളായ ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവയില്‍ ഉപയോഗിച്ച ഡി-4ഡി സാങ്കേതിക വിദ്യ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. സിക്‌സ് സ്​പീഡ് ഗിയര്‍ ഷിഫ്റ്റിങ് കൂടിയാവുമ്പോള്‍ ഗിയര്‍ മാറുന്നത് കുറയ്ക്കുക വഴി മികച്ച മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.



സ്‌പോര്‍ട്ടീ ലുക്കുളള മെഷ് ഗ്രില്ലും മികച്ച എയ്‌റോ ഡൈനമിക് സവിശേഷതകളോടു കൂടിയ ബോഡിയും ഡീസല്‍ കൊറോള ആള്‍ട്ടിസിന് പുത്തന്‍ ഉണര്‍വേകുന്നു. സില്‍വര്‍ മൈക്ക മെറ്റാലിക്ക്, ഷാംപെയിന്‍മൈക്ക മെറ്റാലിക്ക്, ഡാര്‍ക്ക് റെഡ് മൈക്ക മെറ്റാലിക്ക്, വൈറ്റ് പേള്‍ മൈക്ക മെറ്റാലിക്ക്, ലൈറ്റ് ബ്ലു മൈക്ക മെറ്റാലിക്ക്, സൂപ്പര്‍ വൈറ്റ്, ബ്ലാക്ക് മൈക്ക എന്നീ നിറങ്ങളില്‍ ആള്‍ട്ടിസ് ഡീസല്‍ ലഭ്യമാണ്.



ലിറ്ററിന് 21.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. കാറിന്റെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ സിവിക്ക്, ഷെവര്‍ലെയുടെ ക്രൂസ്, സ്‌കോഡ ലോറ, ഫോക്‌സ്‌വാഗണ്‍ ജെറ്റ എന്നിവയാണ് ഓള്‍ട്ടിസിന്റെ എതിരാളികള്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന സെഡാന്‍ കാറുകളുടെ വിപണി 30 ശതമാനത്തോളം വളര്‍ച്ച നേടിയിട്ടുണ്ട്. 3000 ത്തോളം സെഡാനുകള്‍ പ്രതിമാസം വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.



Print
SocialTwist Tell-a-Friend


Other stories in this section