രണ്ടാം തലമുറ കയേനുകള്‍ ഇന്ത്യയില്‍
Posted on: 23 Jul 2010

കയേന്‍ എസ്.യു.വികളുടെ രണ്ടാം തലമുറ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ പോര്‍ഷെ ഇന്ത്യയില്‍ അവതരിപ്പിച്ചു. കയേനുകളുടെ പുതിയ അഞ്ച് മോഡലുകളാണ് ഇതോടെ വിപണിയിലെത്തിയത്. കയേന്‍, കയേന്‍ എസ്, കയേന്‍ ടര്‍ബോ, കയേന്‍ ഡീസല്‍, കയേന്‍ എസ് ഹൈബ്രിഡ് എന്നിവയാണ് പുതിയ കാറുകള്‍.




എല്ലാ മോഡലുകള്‍ക്കും ഇന്ത്യയില്‍നിന്ന് നിരവധി ബുക്കിങ്ങുകള്‍ ലഭിച്ചു കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. വിതരണ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ പുതിയ അഞ്ച് ഡീലര്‍ഷിപ്പുകള്‍ ഉടന്‍ തുടങ്ങുമെന്ന് പോര്‍ഷെ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 65.85 ലക്ഷം മുതല്‍ 1.27 കോടി രൂപവരെയാണ് വിവിധ കയേന്‍ മോഡലുകളുടെ ഇന്ത്യയിലെ വില.

8.2 ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് നൂറു കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിവുള്ള ഫുള്‍ ഹൈബ്രിഡ് ഡ്രൈവ് വാഹനമാണ് കയേന്‍ എസ് ഹൈബ്രിഡ്. 20 ശതമാനം അധിക ഇന്ധന ക്ഷമമായ വാഹനമാണ് കയേന്‍ ഡീസല്‍. 7.4 ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 100 കിലോമീറ്റര്‍ ദൂരം ഓടാന്‍ ഇതിന് കഴിയും. 240 ബി.എച്ച്.പി കരുത്ത് നല്‍കുന്ന മൂന്നുലിററര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഉയര്‍ന്ന ടോര്‍ക്കാണ് കയേന്‍ എസ്സിന്റെ സവിശേഷത. 4.8ലിറ്റര്‍ വി ഏയ്റ്റ് എന്‍ജിനാണ് കയേന്‍ എസ്സിന് കരുത്ത് പകരുന്നത്.



500 ബി.എച്ച്.പി കരുത്ത് പകരാന്‍ കഴിയുന്ന വാഹനമാണ് കയേന്‍ ടര്‍ബോ. 4.8 ലിറ്റര്‍ വി.എയ്റ്റ് ബൈടര്‍ബോ എന്‍ജിനുള്ള കാര്‍ 11.5 കിലോമീറ്റര്‍ ഇന്ധനം ഉപയോഗിച്ച് നൂറു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. കാര്‍ബണ്‍ പുറന്തള്ളുന്നത് 26 ശതമാനം കുറയ്ക്കാനും ഇന്ധനക്ഷമത 23 ശതമാനം വര്‍ദ്ധിപ്പിക്കാനും പുത്തന്‍ തലമുറയില്‍പ്പെട്ട കയേനുകള്‍ക്ക് കഴിയുമെന്ന് പോര്‍ഷെ മിഡില്‍ ഈസ്റ്റ് എം.ഡി ഡീഷ് പാപ്‌കെ പറഞ്ഞു.

ഓഡി ക്യൂ സെവന്‍, ബി.എം.ഡബ്ല്യൂ എക്‌സ്.ഫൈവ് എന്നിവയോടാണ് ഇന്ത്യയില്‍ പോര്‍ഷെ വാഹനങ്ങള്‍ മത്സരിക്കുന്നത്. പഴയ മോഡലുകളെക്കാള്‍ 185 കിലോഗ്രാമോളം ഭാരക്കുറവുണ്ട് രണ്ടാം തലമുറ പോര്‍ഷെകള്‍ക്ക്. കൂടുതല്‍ അലുമിനിയം ഘടകങ്ങള്‍ ഉപയോഗിച്ചാണ് പോര്‍ഷെ ഇത് സാധ്യമാക്കിയത്.



മുംബൈയിലും ഡല്‍ഹിയിലും രണ്ടു ഷോറൂമുകളാണ് നിലവില്‍ പോര്‍ഷെയ്ക്ക് ഇന്ത്യയിലുള്ളത്. അഞ്ചു ഷോറൂമുകള്‍കൂടി ഉടന്‍ തുറക്കും. കൊച്ചി, ചണ്ഡിഗഡ്, ചെന്നൈ, ഹൈദ്രാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പോര്‍ഷെ ഷോറൂമുകള്‍ വരുന്നത്. വിവിധ കയേന്‍ മോഡലുകളുടെ മുംബൈയിലെ എക്‌സ് ഷോറൂം വിലകള്‍ ഇവയാണ്: കയേന്‍- 65,82,000, കയേന്‍ എസ്- 78,62,000, കയേന്‍ ടര്‍ബോ- 1,27,10,000, കയേന്‍ ഡീസല്‍- 59,22,000.



Print
SocialTwist Tell-a-Friend


Other stories in this section