ഓഡി എ സെവന്‍ സ്‌പോര്‍ട്ബാക്ക്‌
Posted on: 29 Jul 2010

മെഴ്‌സഡീസ് ബെന്‍സ് സി.എല്‍.എസ് ക്ലാസിനോട് മത്സരിക്കാനെത്തുന്ന എ സെവന്‍ സ്‌പോര്‍ട്ബാക്ക് ഓഡി അവതരിപ്പിച്ചു. പോയവര്‍ഷത്തെ ഡിട്രോയിറ്റ് ഓട്ടോഷോയില്‍ ഓഡി അവതരിപ്പിച്ച കണ്‍സപ്റ്റിന്റെ സാക്ഷാത്കാരമാണ് ഈ സ്‌പോര്‍ട്‌സ്ബാക്ക്. സലൂണിന്റെ സുഖസൗകര്യങ്ങളും കൂപെയുടെ ഭംഗിയും ഹാച്ച്ബാക്ക് പോലെ അനായാസം ഓടിക്കാവുന്നതുമായ കാറാണ് തങ്ങളുടെ സ്‌പോര്‍ട്‌സ് ബാക്കെന്ന് ഓഡി അവകാശപ്പെടുന്നു. മ്യുണിക്കിലാണ് ഓഡി കാര്‍ അവതരിപ്പിച്ചത്.




ഓഡിയുടെ പൈതൃകം വിളിച്ചോതുന്ന വലിയ മുന്‍ഗ്രില്‍, താഴ്ന്ന മുന്‍വശം, വീതികുറഞ്ഞ ഹെഡ്‌ലാമ്പുകള്‍. ഹെഡ്‌ലാമ്പിനരികില്‍നിന്ന് ടെയ്ല്‍ ലാമ്പുവരെ നീളുന്ന വെയ്സ്റ്റ് ലൈന്‍, പിന്‍വശത്തിന് ഭംഗി വര്‍ദ്ധിപ്പിക്കുന്ന ബൂട്ട്‌ലൈന്‍ എന്നിവയാണ് മുഖ്യ സവിശേഷതകള്‍. പുറത്തെ റിയര്‍വ്യൂ മിററുകളുടെ സ്ഥാനവും ശ്രദ്ധേയമാണ്. എ പില്ലറിന്റെ അടിവശത്ത് മിറര്‍ സ്ഥാപിക്കുന്ന പരമ്പരാഗതരീതി ഒഴിവാക്കി ഡോറിന്റെ അരികിലാണ് ഓഡി മിറര്‍ സ്ഥാപിച്ചിരിക്കുന്നത്.



4,97 മീറ്റര്‍ നീളവും 1.91 മീറ്റര്‍ വീതിയുമാണ് ഓഡി അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ബാക്കിനുള്ളത്. ഉയരത്തില്‍ എ എയ്റ്റ് സലൂണിനെക്കാള്‍ 17 സെ.മിയും വീതിയില്‍ നാലു സെ.മിയും കുറവുണ്ട് ഇതിന്. നിലവിലുള്ള എ സിക്‌സിനെക്കാള്‍ എട്ടു സെ.മി കുറവാണ് ഇതിന്റെ 2.91 മീറ്റര്‍ വീല്‍ബെയ്‌സ്. 1695 കിലോഗ്രാമാണ് കാറിന്റെ ഭാരം. മുഖ്യ എതിരാളിയായ സി.എല്‍.എസ് 350 സി.ഡി.ഐയെക്കാള്‍ നൂറു കിലോഗ്രാം ഭാരക്കുറവുണ്ട് ഓഡി എ സെവന്. കാറിനുള്ളില്‍ ധാരാളം സ്ഥലമുണ്ടെങ്കിലും സുഖകരമായി നാലുപേര്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകള്‍ മടക്കിവച്ചാല്‍ ബൂട്ട് സ്‌പെയ്‌സ് 535 ലിറ്ററില്‍നിന്ന് 1390 ലിറ്ററായി വര്‍ദ്ധിപ്പിക്കാം.



2.8 ലിറ്റര്‍ വി സിക്‌സ് പെട്രോള്‍ എന്‍ജിന്‍ 201 ബി.എച്ച്.പി കരുത്തും 28.6 കെ.ജി.എം ടോര്‍ക്കും നല്‍കും. 295 ബി.എച്ച്.പി കരുത്തും 44.94 കെ.ജി.എം ടോര്‍ക്കും പകരുന്നതാണ് മൂന്നു ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. ഏഴു സ്​പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്റെ ശക്തി ചക്രങ്ങളില്‍ എത്തിക്കുന്നത്. 6.5 സെക്കന്റുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എ സെവന് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം.








Print
SocialTwist Tell-a-Friend


Other stories in this section