പറക്കുംകാര്‍ 2011 ല്‍ പുറത്തിറങ്ങും
Posted on: 24 Jun 2009 ഗതാഗത കുരുക്കില്‍പ്പെട്ട് ബുദ്ധിമുട്ടുമ്പോള്‍ മററുവാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്നുപോകാന്‍ കഴിവുള്ള ഒരു കാര്‍ പലരും സ്വപ്‌നം കാണാറുണ്ടാകും. പെട്ടെന്ന് ചിറക് വിരിച്ചു പറക്കാനും റോഡിലൂടെ ഓടുമ്പോള്‍ ചിറകൊതുക്കി വയ്ക്കാനും കഴിയുന്ന കാര്‍ അമേരിക്കയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പറക്കും കാര്‍ 2011 ല്‍ വിപണിയില്‍ എത്തുമെന്നാണ് ബോസ്റ്റണിലെ ടെറാഫ്യൂജിയ എന്ന കാര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പറക്കും കാര്‍ എന്നുതന്നെയാണ് കാര്‍ കം പ്ലെയിനിന് പേര് നല്‍കിയിരിക്കുന്നത്.
ഗതാഗത കുരുക്കുമൂലം യാത്ര തടസപ്പെട്ടാല്‍ കാറില്‍ അനായാസം പറക്കാം. ആകാശയാത്ര അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ ഉടന്‍ നിലത്തിറക്കാം. 30 സെക്കന്റിനകം വിമാനം കാറായി പരിണമിക്കും. കാറിന് 725 മീററര്‍വരെ ഉയര്‍ന്ന് പറക്കാനാകും. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത്തില്‍ വ്യോമമാര്‍ഗ്ഗം സഞ്ചരിക്കും. റോഡ് യാത്രയില്‍ മുന്‍വീല്‍ ഡ്രൈവാണ് കാര്‍. പ്രൊപ്പല്ലര്‍ ഉപയോഗിച്ചാണ് പറക്കുന്നത്. ചിറകുകള്‍ മടക്കിവച്ചാല്‍ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പറക്കുംകാര്‍ സുരക്ഷിതമായി നിര്‍ത്തിയിടാം. പറക്കുംകാറിന്റെ വിലകുറഞ്ഞ മോഡലിന് ഒരു കോടിയോളം രൂപ വരുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതിനകം അമേരിക്കയിലെ 60 പേര്‍ കാര്‍ ബുക്കുചെയ്തു കഴിഞ്ഞു.
കാര്‍ 28 തവണ പരീക്ഷണ പറക്കല്‍ നടത്തിയെന്ന് കമ്പനി സി.ഇ.ഒ കാള്‍ ഡിട്രിച്ച് പറയുന്നു. പറക്കല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നാണ് അവകാശവാദം. ചെറുവിമാനം പോലെ കാര്‍ അനായാസം പറത്താനാകുമെന്ന് ടെസ്‌ററ് പൈലററ് സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷണ പറക്കല്‍ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നാണ് ടെസ്റ്റ് പൈലറ്റിന്റെ സാക്ഷ്യപ്പെടുത്തല്‍. സാധാരണ ചെറുവിമാനങ്ങള്‍ നേരിടുന്ന ലാന്‍ഡിങ്, ടേക്കോഫ് പ്രശ്‌നങ്ങള്‍് തിജീവിക്കാന്‍ പറക്കും കാറിനു കഴിയുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. മോശമായ കാലാവസ്ഥ ലാന്‍ഡിങ്ങിനെയും ടേക്കോഫിനെയും ബാധിക്കില്ലെന്നതാണ് പ്രധാന നേട്ടം. കാലാവസ്ഥ പ്രതികൂലമായാല്‍ പൈലറ്റിന് തൊട്ടടുത്ത ചെറുവിമാനത്താവളത്തില്‍ ഇറക്കി റോഡുമാര്‍ഗ്ഗം യാത്ര തുടരാം. കാലാവസ്ഥ വെച്ചപ്പെട്ടാല്‍ ഉടന്‍ പറന്നുയരുകയുമാകാം.
പറക്കും കാര്‍ എന്നാണ് വാഹനത്തിന് പേരു നല്‍കിയിരിക്കുന്നതെങ്കിലും ഇത് പിന്നീട് മാറ്റുമോയെന്ന് തീരുമാനിച്ചിട്ടില്ല. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ല. ഏതുസാധാരണ റോഡിലൂടെയും കാറിന് അനായാസം സഞ്ചരിക്കാനാകും. വിവിധ പ്രായപരിധിയില്‍ ഉള്ളവരുടെയും വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അഭിരുചികള്‍ പരിഗണിച്ചാണ് വാഹനം രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ബിരുദധാരികളും എം.ബി.എ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 2006ലാണ് ടെറാഫ്യൂജിയ എന്ന കമ്പനി തുടങ്ങിയത്.