നായയ്ക്കും പൂച്ചയ്ക്കും പ്രത്യേക വിമാനം
Posted on: 18 Jul 2009 ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള വിമാനക്കമ്പനികള്‍ സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണെങ്കിലെന്ത്? അമേരിക്കയിലിതാ ഓമന മൃഗങ്ങള്‍ക്ക് മാത്രമായി ഒരു യാത്രാവിമാനം-പെറ്റ് എയര്‍വെയ്‌സ്. യു.എസ്. ദമ്പതിമാരായ അലിസ ബൈന്‍ഡറും ഡാന്‍ വീസെലുമാണ് ഓമനമൃഗങ്ങള്‍ക്ക് മാത്രമായുള്ള ലോകത്തെ ആദ്യവിമാനസര്‍വീസ് തുടങ്ങിയത്. ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ റിപ്പബ്ലിക് വിമാനത്താവളത്തില്‍ പെറ്റ് എയര്‍വെയ്‌സ് കന്നിപ്പറക്കല്‍ നടത്തി.
ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ചിക്കാഗോ, ഡെന്‍വെര്‍, ലോസ് ആഞ്ജലിസ് എന്നീ പ്രമുഖ നഗരങ്ങള്‍ക്കിടയിലാണ് 'പെറ്റ് എയര്‍വെയ്‌സ്' പറക്കുക. ഒരു മൃഗത്തിന് 250 ഡോളറാണ് യാത്രക്കൂലി. യു.എസ്. എയര്‍ലൈന്‍സിന്റെ മറ്റു വിമാനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാനുള്ള കൂലിക്ക് തുല്യമാണിത്. യാത്രാവിമാനങ്ങളില്‍ ഓമനമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ബൈന്‍ഡറിനെയും വീസെലിനെയും ഇങ്ങനെയൊരു ആശയത്തിലേക്കു നയിച്ചത്. സാധാരണ വിമാനസര്‍വീസുകള്‍ മൃഗങ്ങളെ കയറ്റുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല.
കയറ്റിയാല്‍തന്നെ പലപ്പോഴും ചരക്കുകയറ്റുന്ന സ്ഥലത്ത് ഇരുട്ടില്‍ കഴിയേണ്ടിവരും മൃഗങ്ങള്‍ക്ക്. പൊന്നോമനമൃഗങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് ഉടമകള്‍ക്ക് സഹിക്കില്ല. പെറ്റ് എയര്‍വെയ്‌സ് ഈ പ്രശ്‌നത്തിന് പരിഹാരമാകും. അഞ്ചു വിമാനങ്ങളാണ് പെറ്റ് എയര്‍വെയ്‌സ് ഓമനമൃഗങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. 19 സീറ്റും രണ്ട് എന്‍ജിനുമുള്ള ബീച്ച് 1900 വിമാനമാണ് സീറ്റുകള്‍ മാറ്റി ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. നായകള്‍ക്കും പൂച്ചകള്‍ക്കും പ്രധാന ക്യാബിനില്‍ സുഖയാത്ര.
ഓരോ പതിനഞ്ചു മിനിറ്റിലും അടുത്തെത്തി ശുശ്രൂഷിക്കാന്‍ പരിചാരകര്‍. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം. മൃഗങ്ങള്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക 'പെറ്റ് ലൗഞ്ചു'കള്‍. ഇവയൊക്കെയാണ് 'പെറ്റ് എയര്‍വെയ്‌സി'ന്റെ ആകര്‍ഷണം. ഒരു വിമാനത്തില്‍ 50 മൃഗങ്ങള്‍ക്ക് സഞ്ചരിക്കാം. കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കമ്പനി ഉടമകള്‍ക്ക് പദ്ധതിയുണ്ട്. മൂന്നുവര്‍ഷത്തിനകം 25 സ്ഥലങ്ങളില്‍നിന്ന് പറക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഓമനകള്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാനും യാത്രാവേളയില്‍ അവ എവിടെയാണെന്നറിയാനും ഉടമകള്‍ക്ക് സൗകര്യം നല്‍കുന്ന വെബ്‌സൈറ്റും 'പെറ്റ് എയര്‍വെയ്‌സ്' തയ്യാറാക്കിയിട്ടുണ്ട്.
ഡോ. കൃഷ്ണകിഷോര്‍