ബജാജ് പള്‍സര്‍ 135 വിപണിയില്‍
Posted on: 01 Dec 2009



135 സി.സി പള്‍സര്‍ ബൈക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ വിപണിയിലെത്തിച്ചു. ജനപ്രിയ ബൈക്കായ പള്‍സറിന്റെ ഏറ്റവും ചെറിയ പതിപ്പാണ് 135 എല്‍.എസ്. 51,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. നാലുവാല്‍വ് ഡി.ടി.എസ്.ഐ എന്‍ജിനുമായാണ് സ്‌പോര്‍ട്‌സ് സെഗ്മെന്റിലേക്ക് 135 എല്‍.എസ് എത്തുന്നത്. ലോകത്തെ ആദ്യത്തെ നാലുവാല്‍വ് ഡി.ടി.എസ്- ഐ ബൈക്കാണ് ചെറിയ പള്‍സര്‍.



വിപണിയില്‍ സ്‌പോര്‍ട്‌സ് സെഗ്നമെന്റിലെ വാഹനങ്ങള്‍ക്ക് പള്‍സര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ബജാജ് ഓട്ടോ സി.ഇ.ഒ എസ്.ശ്രീധര്‍ പറഞ്ഞു. ബജാജിന്റെ ഛകന്‍ പ്ലാന്റിലാണ് പുതിയ പള്‍സര്‍ 135 നിര്‍മ്മിയ്ക്കുന്നത്. പ്രതിമാസം 35,000 ബൈക്കുകള്‍ നിര്‍മ്മിയ്ക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. മികച്ച പെര്‍ഫോമന്‍സും ഇന്ധന ക്ഷമതയുള്ള ഇരുചക്ര വാഹമാണ് 135 എല്‍.എസ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

നവീന രൂപഭംഗിയുള്ള ഹെഡ്‌ലൈറ്റാണ് 135 എല്‍.എസിന്റെ പ്രധാന ആകര്‍ഷണം. നവീന പിന്‍ മഡ്ഗാര്‍ഡുകള്‍, ടെയ്ല്‍ മൗണ്ടഡ് പിന്‍ നമ്പര്‍ പ്ലേറ്റ്, സ്‌പോര്‍ട്ടി ലുക് നല്‍കുന്ന ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍, നവീന ഫുട് പെഗ്ഗുകള്‍ തുടങ്ങിയവയെല്ലാം പുതിയ പള്‍സറിന്റെ സവിശേഷതകളാണ്.

9000 ആര്‍.പി.എമ്മില്‍ 13.5 ബി.എച്ച്.പി കരുത്തും 7500 ആര്‍.പി.എമ്മില്‍ 11.4 എന്‍.എം ടോര്‍ക്കും പുതിയ പള്‍സര്‍ നല്‍കും. അഞ്ചുസ്​പീഡ് ഗിയര്‍ബോക്‌സാണ് ഇതിലുളളത്. മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, സിംഗിള്‍ ഡൗണ്‍ ട്യൂബ് ഷാസി ഫ്രെയിം, ഫൈവ് സ്‌പോക്ക് അലോയ് വീലുകള്‍, എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പ്, ഇലക്ട്രിക് സ്റ്റാര്‍ട്ട്, മുന്‍ ഡിസ്‌ക് ബ്രേക്കുകള്‍, ട്വിന്‍ പൈലറ്റ് ലാമ്പുകള്‍, ഡിജിറ്റല്‍ സ്​പീഡോമീറ്റര്‍ എന്നിങ്ങനെ പോകുന്നു 135 എല്‍.എസ്സിന്റെ സവിശേഷതകള്‍.



എട്ടു ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. കോക് ടെയ്ല്‍ വൈന്‍ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളില്‍ പള്‍സര്‍ ലഭിക്കും. 150, 180, 220 സി.സി വിഭാഗങ്ങളിലുള്ള മൂന്ന് പള്‍സര്‍ മോഡലുകളാണ് ബജാജ് ഓട്ടോ ഇപ്പോള്‍ വിറ്റഴിക്കുന്നത്. 60,000 മുതല്‍ 70,000 രൂപവരെയാണ് ഇവയുടെ വില. ഇവയെക്കാള്‍ ഏറെ വിലകുറഞ്ഞ ചെറുപള്‍സറിന് വന്‍ വില്‍പ്പന ഉണ്ടാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.



Print
SocialTwist Tell-a-Friend


Other stories in this section