ബീറ്റിന്റെ തുടക്കം
Posted on: 17 Jan 2010
ആര്‍. ജെ. വിഷ്ണു

പുതിയ ഷെവര്‍ലേ ബീറ്റ് നിലവിലുള്ള എല്ലാ ചെറിയ ഹാച്ച്ബാക്കുകള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നത് ജനറല്‍ മോട്ടോഴ്‌സിന്റെ കേവലമൊരു പ്രതീക്ഷയല്ല. ഇനിയും ഏതാനും ദശകങ്ങള്‍ മുന്നോട്ട് പോകുമ്പോഴുള്ള കാറുകളുടെ ഡിസൈനിന്റെ ആദ്യ ചവിട്ടുപടിയായി വേണമെങ്കില്‍ നമുക്ക് ബീറ്റിനെ കണക്കാക്കാം. അത്രമേല്‍ ആധുനികമാണത്. ജനറല്‍ മോട്ടോഴ്‌സ് സ്വന്തമാക്കുന്നതിന് മുമ്പുള്ള ദേവൂ കമ്പനിയുടെ എം 100 എന്ന മാറ്റിസിന്റെ പിന്‍ഗാമിയായെത്തിയ എം 200 സ്​പാര്‍ക്കിനും ശേഷമാണ് എം 300 എന്ന ഇപ്പോഴത്തെ ബീറ്റ്.



ജി.എം-ന്റെ കയ്യിലെത്തിപ്പെടുന്നതിന് മുന്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിലച്ചുപോയിരുന്ന മാറ്റിസ് തന്നെ അന്ന് 40,000 കാറുകള്‍ ഇവിടെ വിറ്റിരുന്നു. സ്​പാര്‍ക്കാവട്ടെ ദിനങ്ങള്‍ പിന്നിടുന്തോറും വളരെയേറെ ജനപ്രിയമായിക്കൊണ്ടുമിരിക്കുന്നു. അതിനേക്കാളും നൂതനമായ ഡിസൈന്‍ സാദ്ധ്യതകളുടെ പ്രത്യക്ഷ ഉദാഹരണമായി ഇപ്പോള്‍ ബീറ്റ് മാറിയിരിക്കുന്നു. ഇതിന്റെ കാഴ്ചയെ ഫ്യൂച്ചറിസ്റ്റിക്, പാരമ്പര്യവിരുദ്ധം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം.

ബോണറ്റടക്കമുള്ള കാറിന്റെ മുന്‍ഭാഗം വീതികൂടി പിന്നിലേക്ക് ചെറുതായിപ്പോകുന്ന തരത്തിലാണ് ബീറ്റിന്റെ രൂപം. വലിപ്പം കൂടിയ ഗ്രില്ലും ടയറും സൃഷ്ടിക്കുന്ന മുന്‍ ഭാഗത്തിന്റെ രൂപഘടനയ്ക്ക് ചേര്‍ന്ന രൂപമാണ് പിന്‍ഭാഗത്തിനുള്ളത്. ടെയില്‍ ലാമ്പ് ആകര്‍ഷകമാണ്. പിന്നിലെ ഡോര്‍ തുറക്കുന്നതിനുള്ള ഹാന്‍ഡിലുകളാവട്ടെ സി-പില്ലറുകള്‍ക്ക് വശങ്ങളിലായിട്ടാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതൊക്കെ നിലവിലുള്ള നമ്മുടെ ഡിസൈന്‍ സങ്കല്‍പ്പത്തിന് അപ്പുറമുള്ള ചില നടപടികളാണ്.



അകത്തെ സ്ഥലസൗകര്യവും ഡിക്കി സ്‌പേസും പരമാവധി ലഭിക്കും വിധമാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറ്റല്‍ ഫിനിഷടക്കമുള്ള രണ്ട് ടോണുകളിലാണ് ഇതിന്റെ ഡാഷ്‌ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. സ്​പീഡോ മീറ്റര്‍ പാനലാവട്ടെ ബൈക്കിന്റെ രൂപമാതൃകയിലാണ്. അകത്തെ ഇളംനീല ലൈറ്റിംഗ് സംവിധാനം കൂടിയാകുന്നതോടെ അത്യാധുനികമായ ഒരു ഇന്റീരിയറാണ് ബീറ്റില്‍ നമുക്ക് കാണാന്‍ കഴിയുക.



നാല് സിലിണ്ടറുകളുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബീറ്റിലുള്ളത്. ഗിയറാവട്ടെ അഞ്ച് സ്​പീഡ് മാന്വലും എബിഎസും എയര്‍ ബാഗുമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ന്ന മോഡലുകളില്‍ നമുക്ക് തിരഞ്ഞെടുക്കാം. 80 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിന്‍ റിഫൈന്‍മെന്റിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. ഏഴ് നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്ന ബീറ്റിന്റെ കൊച്ചിയിലെ വില 3.35 ലക്ഷം മുതല്‍ 4.35 ലക്ഷം വരെയാണ്.




Print
SocialTwist Tell-a-Friend