കൊടുങ്കാറ്റാവാന്‍ റെനോയുടെ വിന്‍ഡ്
Posted on: 17 Feb 2010 ഫ്രഞ്ച് കമ്പനി റെനോയുടെ പുതിയ കണ്‍വെര്‍ട്ടബിള്‍ കൂപ്പെയായ വിന്‍ഡ് വിപണിയില്‍ കൊടുങ്കാറ്റാകാന്‍ ഒരുങ്ങുകയാണ്. യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ടാണ് റെനോ തങ്ങളുടെ വിന്‍ഡിനെ തയ്യാറെടുപ്പിക്കുന്നത്. വരുന്ന ജനീവാ മോട്ടോര്‍ഷോയിലായിരിക്കും വിന്‍ഡിന്റെ ഔദ്യോഗിക പുറത്തിറക്കല്‍. 2004 ജനീവാ മോട്ടോര്‍ഷോയിലായിരുന്നു ഈ കാറിന്റെ കണ്‍സെപ്റ്റ് കമ്പനി പുറത്തുവിട്ടിരുന്നത്. മിനികൂപ്പര്‍ കാബ്രിയോ, പ്യൂഷെയുടെ 207 സി. സി എന്നിവയ്ക്ക് വെല്ലുവിളിയാകാനാണ് വിന്‍ഡിന്റെ പുറപ്പാട്.
ദൈനംദിന ഉപയോഗത്തിന് ഒരു കുടുംബത്തിനുതകുന്നതാണ് വിന്‍ഡ് എന്നാണ് കമ്പനിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് വിന്‍ഡിന്റെ ചിത്രങ്ങള്‍ റെനോ പുറത്ത് വിട്ടത്. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന വിന്റിന് 3.83 മീറ്ററാണ് നീളം. ഇതിന്റെ റൂഫ് 180 ഡിഗ്രി വരെ ചെരിയുന്നതാണ്. തുറക്കാന്‍ വേണ്ടത് വെറും 12 സെക്കന്‍ഡുകള്‍ മാത്രം. ബൂട്ട് ഡോറിനടുത്ത് വരെ ഇത് തുറക്കാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ആദ്യഘട്ടത്തിലെന്നുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ, 1.6 ലിറ്റര്‍ എന്നിവയാണിവ.
ഹെഡ്‌ലൈറ്റുകള്‍ മുതല്‍ റെനോയുടെ പുതിയ ഫിനിഷിങ് ടച്ച് കാണാം. എല്‍. ഇ. ഡികളാണ് ഇതിന് തിളക്കമേറ്റുന്നത്. ഈ വിഭാഗത്തിലുള്ള കാറുകളില്‍ ഏറ്റവുമധികം ലഗേജ്‌സ്‌പേസ് വിന്‍ഡ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി റെനോ ഉപയോഗിക്കുന്ന ടച്ച് ഡിസൈന്‍ കണ്‍സെപ്റ്റ് തന്നെയാണ് വിന്‍ഡിലും പ്രായോഗികമാക്കിയിരിക്കുന്നത്. മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള കണ്‍ട്രോള്‍ പാനലിന്റെ ഡയലുകളെല്ലാം വളരെ വ്യക്തമായി കാണാവുന്നവിധത്തിലാണ്. മ്യൂസിക്ക്, നാവിഗേഷന്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന നോബുകള്‍ പാനലിന്റെ മധ്യത്തിലാണ്.
സ്റ്റിയറിങ് വീലിലുള്ള പാഡില്‍ തന്നെയാണ് ഗിയര്‍ ലിവറും. ലിവറായിട്ടല്ല പകരം സോഫ്റ്റ് ടച്ച് ബോര്‍ഡാണിത്. അലൂമിനിയം പൊതിഞ്ഞ ബോര്‍ഡിലാണ് ടാക്കോമീറ്റര്‍. വേഗം വര്‍ധിക്കുന്തോറും നീല നിറത്തിലുള്ള പാനല്‍ ചുവന്ന് വരും. ഏത് ഭാഗത്തേക്ക് വേണമെങ്കിലും വീശിയടിക്കുന്നതാണ് എയര്‍കണ്ടീഷനിങ് ഹോള്‍. കാബിനിലെ ഊഷ്മാവ് വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ചതാണിതിന്റെ മിക്കഭാഗങ്ങളും. ഏകദേശം 25 ലക്ഷം ഇന്ത്യന്‍ രൂപയാണിതിന് വിലവരിക.