മനംകവരും മൈക്ര
Posted on: 05 Mar 2010

ലാളിത്യമാണ് മൈക്രയുടെ മുഖമുദ്ര. ഇന്ത്യന്‍ വിപണിയില്‍ ഈവര്‍ഷമെത്തിയ മിക്ക ഹാച്ച്ബാക്കുകളില്‍നിന്നും ഏറെ വ്യത്യസ്തമാണ് കാഴ്ചയില്‍ മൈക്ര. ഫോക്‌സ് വാഗണ്‍ പോളോ, ഷെവി ബീറ്റ് എന്നിവയോടൊന്നും യാതൊരു സാമ്യവുമില്ല മൈക്രയ്ക്ക്. പുത്തന്‍ ഹാച്ച്ബാക്കുകളുടെ ടോള്‍ബോയ് രൂപവുമില്ല. ഒഴുക്കന്‍ വരകളാണ് നിസാന്‍ മൈക്രയ്ക്ക് ലാളിത്യം നല്‍കുന്നത്. മൈക്രയുടെ ഉള്‍വശവും മറ്റൊന്നിനും സമാനമല്ല. ജനീവ മോട്ടോര്‍ഷോയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിര്‍മ്മിയ്ക്കുന്ന ചെറുകാര്‍ മൈക്ര നിസാന്‍ അവതരിപ്പിച്ചത്.




മൈക്രയ്ക്ക് സ്‌ത്രൈണഭാവമൊ പൗരുഷമോ ബോധപൂര്‍വ്വം നല്‍കാതിരുന്നതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു. ഇന്റീരിയര്‍ സ്‌പെയ്‌സ്, യാത്രാസുഖം, മികച്ച ഡ്രൈവിങ് അനുഭവം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് മൈക്ര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഭാരംകുറഞ്ഞ ചെറുകാറുകളില്‍ ഒന്നാവും മൈക്ര. വിഭാഗത്തിലെ മറ്റുകാറുകളെക്കാള്‍ ഇന്ധനക്ഷമതയും മികച്ച സസ്‌പെന്‍ഷനുംമെല്ലാം മൈക്രയുടെ സവിശേഷതകളാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പോയവര്‍ഷം ആദ്യം നിസാന്‍ പുറത്തുവിട്ട ഇതിന്റെ രേഖാചിത്രങ്ങള്‍ വാഹന പ്രേമികളെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നേരിട്ടു കണ്ടാല്‍ മൈക്രയില്‍നിന്ന് ഉടനെയൊന്നും ആര്‍ക്കും കണ്ണെടുക്കാനാകില്ല.



ജൂലായില്‍ മൈക്ര ഇന്ത്യന്‍ വിപണിയിലെത്തും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് ചെറുകാറിന് കരുത്ത് പകരുന്നത്. ലോഗന് കരുത്ത് നല്‍കുന്ന റെനോയുടെ കെ 9 കെ എന്‍ജിന്‍ തന്നെയാണ് മൈക്രയിലും. എന്നാല്‍ 65 ബി.എച്ച്.പി എന്‍ജിന്‍ ഭാരംകുറഞ്ഞ മൈക്രയ്ക്ക് അധിക കരുത്ത് നല്‍കും. സെഗ്മെന്റിലെ എതിരാളികളെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ ഇന്ധനക്ഷമമാണ് മൈക്ര. ഗ്ലോബല്‍ കാറായ മൈക്ര ഇന്ത്യയ്ക്കു പുറമെ തായ് ലന്‍ഡ്, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിലും നിസാന്‍ നിര്‍മ്മിയ്ക്കുന്നുണ്ട്.



പഴയതിനെക്കാള്‍ അല്‍പ്പം നീളം കൂടിയതാണ് ഇന്ത്യയിലെത്തുന്ന പുതിയ മൈക്ര. വലിയ വീല്‍ബെയ്‌സ് കാറിനുള്ളിലെ സ്ഥലം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിസാന്റെ പുതിയ വി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മൈക്രയുടെ സസ്‌പെന്‍ഷനും മികച്ചതാണ്. ഇന്ത്യന്‍ നിരത്തുകള്‍കൂടി മുന്നില്‍ക്കണ്ടാണ് സസ്‌പെന്‍ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 14 ഇഞ്ച് വീലുകളാണ് മൈക്രയില്‍. യൂറോപ്യന്‍ വിപണിയിലുള്ള മൈക്രയില്‍ റിവേഴ്‌സ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, സാറ്റലൈറ്റ് നാവിഗേഷന്‍, ഓട്ടോ വൈപ്പറുകള്‍, എ.ബി.എസ്, ഇ.എസ്.പി, എയര്‍ ബാഗുകള്‍ എന്നിവയുണ്ട്. ഇന്ത്യയിലെത്തുന്ന മെക്രകളില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണണം.



Print
SocialTwist Tell-a-Friend


Other stories in this section