ഫോര്‍ഡ് ഫിഗോ: വില 3.5- 4.48 ലക്ഷം
Posted on: 09 Mar 2010
ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെറുകാര്‍ ഫിഗോ ഇന്ത്യന്‍ വിപണിയിലെത്തി. അമേരിക്കന്‍ വാഹന നിര്‍മ്മാതാവായ ഫോര്‍ഡിന്റെ ചെറുകാറാണ് ഫിഗോ. 3.5 ലക്ഷം മുതല്‍ 4.48 ലക്ഷം വരെയാകും വിവിധ വേരിയന്റുകളുടെ വില. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫിഗോ കാറുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ഫീഗോ അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഇന്ത്യക്കാരുടെ മനം കവരാന്‍ ഇതിന് കഴിഞ്ഞിരുന്നു. പ്രീമിയം വാഹന നിര്‍മ്മാതാവായ ഫോര്‍ഡിന്റെ ചെറുകാറിന് വിലയും കുറവാണെന്ന് കേട്ടവര്‍ വിശ്വസിച്ചില്ല. ഇന്ത്യന്‍ വിപണിയിലെ എന്‍ട്രിലെവല്‍ ചെറുകാറുകളുടെ വിലയുമായാണ് ഫിഗോ എത്തുന്നത്. പെട്രോള്‍ മോഡലിന് 15.5 ഉം ഡീസല്‍ കാറിന് 20 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഇന്ത്യന്‍ വിപണിയില്‍ വര്‍ഷങ്ങളായി പ്രീമിയം കാറുകള്‍ മാത്രമാണ് ഫോര്‍ഡ് വിറ്റഴിക്കുന്നത്. ഇതുമൂലം വിപണിയില്‍ 20 ശതമാനം പങ്കാളിത്തം മാത്രമായിരുന്നു ഫോര്‍ഡിന് ഉണ്ടായിരുന്നത്. വിലകുറഞ്ഞ ചെറുകാറുമായെത്തി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫോര്‍ഡ് ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഗല്‍ വാര്‍ക്ക് പറഞ്ഞു. ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റിലാകും ഫീഗോകള്‍ നിര്‍മ്മിയ്ക്കുക. പ്രതിവര്‍ഷം രണ്ടുലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ചെന്നൈയിലെ പ്ലാന്റിനുണ്ട്. ഫീഗോകള്‍ ദക്ഷിണാഫ്രിക്കയിലേക്കാണ് ആദ്യം കയറ്റി അയയ്ക്കുന്നത്.
ഫിഗോ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2007 ല്‍ തുടങ്ങിയെന്ന് ഫോര്‍ഡ് മോട്ടോര്‍ അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫീഗോയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ചടങ്ങ് ഇന്ത്യയില്‍ നടന്നിരുന്നു. ഇന്ത്യയിലെ ചെറുകാര്‍ വിപണി പത്തു വര്‍ഷത്തിനകം ഇരട്ടിയായി വളരുമെന്നാണ് ഫോര്‍ഡിന്റെ പ്രതീക്ഷ. ഇപ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ 72 ശതമാനവും ചെറുകാറുകളാണ്.