പസറ്റ് ടി.എസ്.ഐ, ജെറ്റ കോമണ്‍ റെയ്ല്‍ ഡീസല്‍
Posted on: 01 Apr 2010 യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ (Volkswagen) പസറ്റ് ടി.എസ്.ഐ, ജെറ്റ കോമണ്‍ റെയ്ല്‍ ഡീസല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.20 ലക്ഷമാണ് പസറ്റ് 1.8 ലിറ്റര്‍ ടി.എസ്.ഐയുടെ വില. ജെറ്റ രണ്ടു ലിറ്റര്‍ ഡീസല്‍ കംഫര്‍ട്ട് ലൈന്‍ മോഡലിന് 15.92 ലക്ഷമാണ് വില (എക്‌സ് ഷോറൂം ന്യൂഡല്‍ഹി). പരമാവധി കരുത്തും ഇന്ധന ക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ് പസറ്റിന്റെ ടി.എസ്.ഐ പെട്രോള്‍ എന്‍ജിനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വലിപ്പം കുറവുള്ളതാണ് ഈ എന്‍ജിന്‍. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്ന എന്‍ജിന്‍ പരിസ്ഥിതി സൗഹൃദവുമാണ്.
നിലവിലുള്ള കാറുകളെക്കാള്‍ വില കുറഞ്ഞ രണ്ട് വേരിയന്റുകളുമായി ഫോക്‌സ് വാഗണ്‍ എത്തിയത് വിപണിയിലെ കടുത്ത മത്സരം നേരിടാനാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പസറ്റിന്റെ ഡീസല്‍ വേരിയന്റുകളെക്കാള്‍ അഞ്ചു ലക്ഷത്തോളം വില കുറഞ്ഞതാണ് ടി.എസ്.ഐ പെട്രോള്‍ വേരിയന്റ്. 24.1 ലക്ഷമാണ് ഡീസല്‍ പസറ്റിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. സെഗ്മെന്റിലെ മുന്‍നിരക്കാരായ ഹോണ്ട അക്കോര്‍ഡ്, സ്‌കോഡ സൂപ്പര്‍ബ് എന്നിവയോടുള്ള മത്സരമാണ് ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത്.
1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ സ്ഥാനത്ത് രണ്ടു ലിറ്റര്‍ കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിനുമായാണ് പുതിയ ജെറ്റ വരുന്നത്. എന്നാല്‍ വിലയില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിട്ടില്ല. കുറഞ്ഞ വിലയുമായി ഹാച്ച്ബാക്ക് പോളോകൂടി വന്നതോടെ ഫോക്‌സ് വാഗണ്‍ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. 4.4 ലക്ഷം മുതലാണ് പോളോയുടെ വില.
2014 ഓടെ ഒരുലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 43 ഡീലര്‍ഷിപ്പുകളാണ് ഫോക്‌സ് വാഗണിന് ഇന്ത്യയിലുള്ളത്. ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. പ്രതിവര്‍ഷം 1.1 ലക്ഷം യൂണിറ്റ് നിര്‍മ്മിക്കാന്‍ ശേഷിയുള്ള മഹാരാഷ്ട്രയിലെ ഛകന്‍ പ്ലാന്റ് നവീകരിക്കാന്‍ 3800 കോടിയാണ് ഫോക്‌സ് വാഗണ്‍ ചിലവഴിച്ചത്.