മടിക്കേരിയെ പുണരാന്‍
Posted on: 06 Apr 2010

പുലര്‍കാലമാവുന്നതേയുള്ളു ഞങ്ങളുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ലക്ഷ്യസ്ഥാനം കര്‍ണ്ണാടകത്തിലെ കുടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരി. ഏത് കാലത്തും മഞ്ഞിന്റെ നേര്‍ത്ത മൂടുപടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന മടിക്കേരിയെ പുണരാനായുള്ള യാത്രയായിരുന്നു അത്. കോഴിക്കോട്ട് നിന്നും രാവിലെ ആറു മണിയ്ക്ക് തന്നെ പുറപ്പെട്ടു. വേനലിന്റെ കാഠിന്യം ശരിക്കറിയാവുന്നതു കൊണ്ട് സൂര്യന്‍ ശക്തിപ്രാപിക്കുന്നതിന് മുമ്പു തന്നെ വയനാടന്‍ മലനിരകള്‍ കടക്കാനായിരുന്നു പ്‌ളാന്‍. വയനാടന്‍ ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രകൃതി തണുപ്പിന്റെ പുതപ്പ് നല്‍കി. ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍, പണ്ട് ഏതൊരു ഡ്രൈവര്‍ക്കും ഭീതി സമ്മാനിച്ചിരുന്ന ഈ വളവുകള്‍ ഇന്ന് ടൈല്‍ പാകി സുന്ദരമാക്കിയിരിക്കുന്നു.




ഐ ടെന്‍ വലിവും ചുമയുമൊന്നുമില്ലാതെ തന്നെ ചുരം താണ്ടി. അപ്പോഴേയ്ക്കും വിശപ്പ് വിളിക്കാന്‍ തുടങ്ങി. ചിറാപുഞ്ചി കഴിഞ്ഞാല്‍ ഏറ്റവുമധികം മഴ ലഭിക്കുന്നുവെന്നറിയപ്പെടുന്ന ലക്കിടി. സമയം ഒന്‍പത് കഴിയുന്നതേയുള്ളുവെങ്കിലും ചുട്ടുപൊള്ളുകയായിരുന്നു. വണ്ടി അരുകിലാക്കി അടുത്തുള്ള ചായക്കടയെ അഭയം പ്രാപിച്ചു. പിന്നീട് വീണ്ടും യാത്ര . മാനന്തവാടി വഴി വച്ചു പിടിച്ചു. നല്ല റോഡ്, തിരുനെല്ലിയിലേക്ക് തിരിയുന്ന തെറ്റ് റോഡിന് സമീപമുള്ള ഉണ്ണിയപ്പ ക്കട. വായിച്ചു കേട്ട അറിവായിരിക്കാം, വണ്ടി അവിടേയും സൈഡിലേക്കൊതുങ്ങി. ഉണ്ണിയപ്പ കഥ അന്വേഷിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. തീര്‍ന്നു പോയത്രെ.

വീണ്ടും കാട്ടിലൂടെ യാത്ര തുടരുന്നു. വേനലിന്റെ കാഠിന്യം വന്‍ മരങ്ങളും തേക്ക് പഌന്റേഷനിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. എല്ലാം നരച്ചു നില്‍ക്കുന്നു. വഴികളില്‍ നിറയെ ഉണങ്ങി ചുരുണ്ട വലിയ തേക്കിലകളുടെ നരച്ച പരവതാനി. മുടികൊഴിച്ച് നില്‍ക്കുന്ന കാടിന് നടുവില്‍ ഇടക്കിടക്ക് സ്വര്‍ണ്ണവര്‍ണ്ണം പരത്തി വിഷുവിനെ ഓര്‍മ്മിപ്പിക്കാന്‍ കണിക്കൊന്നകള്‍ പൂത്തിട്ടുണ്ട്. വരണ്ടുണങ്ങിയ തെളിനീര്‍ചാലുകളുടെ അസ്ഥിപഞ്ജരങ്ങള്‍. കുറച്ചു മുന്നോട്ടു പോയപ്പോള്‍ തോല്‍പ്പെട്ടി വന്യമൃഗ സംരക്ഷണ കേന്ദ്രമെന്ന ബോര്‍ഡും ഒരു ചെക്ക്‌പോസ്റ്റും കണ്ടു. കടുവ സെന്‍സസിനായി സംരക്ഷണ കേന്ദ്രത്തിലേക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ട്. ഒ. കെ, വേണ്ട, അങ്ങിനെ തോല്‍പ്പെട്ടിയും കഴിഞ്ഞു മുന്നോട്ടു പോകുന്തോറും നെഞ്ചിടിപ്പ് കൂടി. കേരളവും കര്‍ണ്ണാടവും അതിര്‍ത്തി തിരിയ്ക്കുന്ന പ്രദേശമാണ്. രണ്ടിടത്തും റോഡെന്ന സാധനം കാണാനേയില്ല. മാനന്തവാടിയില്‍ നിന്നു തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു, കുട്ട റോഡ് പോക്കാണെന്ന്. പക്‌ഷെ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. ചാടിയും കുലുങ്ങിയുമായിരുന്നു യാത്ര. തോല്‍പെട്ടിയില്‍ നിന്നും കുട്ടവരെ എട്ട് കിലോമീറ്റര്‍ കടക്കാന്‍ മുക്കാല്‍ മണിക്കൂര്‍... ഇപ്പോള്‍ റോഡിന്റെ അവസ്ഥ ഏകദേശംമനസിലായല്ലോ. ലോകത്തിന്റെ അറ്റം കടന്നുവെന്ന് കരുതി സമാധാനിച്ചപ്പോള്‍ വീണ്ടും അതാ വരുന്നു ഒറ്റയടിപ്പാതകള്‍. വരമ്പു പോലെ നടുക്ക് ടാര്‍ കാണാം. ഇരുവശത്തും അഗാധ ഗര്‍ത്തം. ബാംഗഌരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബദല്‍പാതയാണിതത്രെ. കൈകൂപ്പണം. ഈ വഴി വരുന്ന ഹതഭാഗ്യരോട്. ഗോണിക്കുപ്പ വരെ ഇതേ അവസ്ഥ തുടര്‍ന്നു. ഗോണിക്കുപ്പയില്‍ നിന്നും വിരാജ്‌പേട്ട. വിരാജ്‌പേട്ടയില്‍ നിന്നും നേരെ മടിക്കേരി.

വാഹനങ്ങള്‍ തീരെ കുറവായിരുന്നു റോഡില്‍. ഇടയ്ക്കിടെ കന്നട ബോര്‍ഡ് വച്ച കുഞ്ഞി ബസുകള്‍ പാഞ്ഞു വരുന്നു. നമ്മുടെ നാട്ടിലേക്കാളും എതിരെ വരുന്ന വാഹനങ്ങളെ അല്‍പ്പം ബഹുമാനിക്കുന്നുണ്ട് ഇവിടത്തെ ഡ്രൈവര്‍മാര്‍ എന്നതില്‍ ആശ്വാസം തോന്നി. മടിക്കേരിയെ സൂചിപ്പിക്കുന്ന ഫലകം കണ്ടു. പതിമൂന്ന് ഹെയര്‍പിന്‍ വളവുകളിലേക്ക് സ്വാഗതമെന്ന ബോര്‍ഡും കണ്ടു. പിന്നെ തുടങ്ങി, വയനാട് ചുരത്തിലെ മുടിപ്പിന്നുകള്‍ പിന്നില്‍നില്‍ക്കണം. വീതി തീരെയില്ലാത്ത ചെങ്കുത്തായ റോഡ്. ഇതാണ് യഥാര്‍ത്ഥ മുടിപ്പിന്‍വളവുകള്‍. പവര്‍സ്റ്റിയറിംഗായിട്ടു കൂടി മുഴുവന്‍ തിരിക്കേണ്ടിവന്നു ഓരോ വളവും പിന്നിടാന്‍. മലയ്ക്ക് മുകളിലെത്തിയപ്പോള്‍ തന്നെ തണുപ്പ് കൂട്ടിനെത്തി.ിപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം അടി മുകളിലാണ് താമസം.



വൈകീട്ട് നാലു മണിയായപ്പോള്‍ തന്നെ നല്ല തണുപ്പ്. ചെറിയൊരു ടൗണ്‍. ചെറിയചെറിയ കടകളും വീതികുറഞ്ഞ റോഡുകളും. സുഹൃത്ത് ശരിയാക്കി തന്ന ഹോംസ്‌റ്റേയിലേക്ക് വച്ചു പിടിച്ചു. ഇവിടെ ഹോട്ടലുകളേക്കാള്‍ കൂടുതല്‍ ഹോംസ്‌റ്റേകളാണ്. വീടിന് മുകളില്‍ മറ്റൊരു വീട്. സൗകര്യത്തിന് തിരഞ്ഞെടുക്കാം. രണ്ട് മുറി. ഒരു മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍. ഹാള്‍, ടിവി, കുളിമുറിയില്‍ ചൂടുവെള്ളം എല്ലാം കിട്ടും. സീസണില്‍ രണ്ടായിരം രണ്ടായിരത്തി അഞ്ഞൂറ് വരെ പോകും. ഓഫ് സീസണാണെങ്കില്‍ ആയിരത്തില്‍ ഒതുങ്ങും. ഒന്ന് ഫ്രഷായി മടിക്കേരിയെ കാണാനായി ഇറങ്ങി. തൊട്ടടുത്ത് തന്നെയാണ് രാജാസ് സീറ്റ്. എറ്റവും വലിയ മലയുടെ ഒത്ത മുകളില്‍ ഒരുപാര്‍ക്ക്. പാര്‍ക്കിംഗിന് ഇരുപത് രൂപയും അകത്ത് കടക്കാന്‍ പത്ത് രൂപയും. എങ്കിലും നല്ല രീതിയില്‍ നട്ടു നനച്ച് വളര്‍ത്തുന്ന ഉദ്യാനമാണിത്. നേരം സന്ധ്യയായി തുടങ്ങി. മടിക്കേരിയിലെ ജനങ്ങളുടെ ഈവനിംഗ് വാക്ക് കേന്ദ്രവും രാജാസ് സീറ്റ് തന്നെ. സൂര്യന്‍ സ്ഥലം വിട്ടുവെന്ന് തോന്നുന്നു. എങ്കിലും ചെറിയ വെളിച്ചമുണ്ട്. രാജാസ് സീറ്റിന്റെ ഒരു ഭാഗത്ത് നിന്നാല്‍ മടിക്കേരിയുടെ താഴ്‌വാരം മുഴുവന്‍ കാണാം. തണുത്തകാറ്റും. താഴോട്ട് നോക്കിയാല്‍ താഴ്‌വാരം മാടി വിളിയ്ക്കും. കോടമഞ്ഞിന്റെ നേര്‍ത്ത ആവരണത്തിനിടയിലൂടെയുള്ള കാഴ്ച ആസ്വദിക്കാനായി ബഞ്ചുകള്‍ പണിതിട്ടിട്ടുണ്ട്. അവിടെ മിഥുനങ്ങള്‍ സൗര്യ സല്ലാപം നടത്തുന്നുണ്ട്. അതിലൊരു മിഥുനം ഒന്ന് രൂക്ഷായി നോക്കി, കാമുകനോ, ഭര്‍ത്താവോ, എന്തെല്ലാമോ പറയുന്നുണ്ട്. മലയാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകാം. തുറിച്ചു നോക്കുന്നവര്‍ മലയാളികളാണെന്നല്ലേ പൊതുവെയുള്ള ധാരണ. മെല്ലെ വലിഞ്ഞു. കല്ലില്‍ കൊത്തിയെടുത്ത ഒരു മണ്ഡപമുണ്ട്. ഇവിടെയാണെത്രെ. രാജകുടുംബാംഗങ്ങള്‍ സന്ധ്യ ആസ്വദിക്കാനെത്താറുള്ളത്. ആസ്വദിക്കാന്‍ പറ്റിയ സ്ഥലം. രാത്രിയായപ്പോള്‍ ഉദ്യാനത്തിലെ സംഗീത ജലധാര തുടങ്ങി. കാതടിപ്പിക്കുന്ന കന്നട ഗാനങ്ങള്‍ ലൗഡ്‌സ്​പീക്കറിലൂടെ തെറിച്ചു. അതിനനുസരിച്ച് വെളള്ത്തിന്റെ തുള്ളിക്കളിയും. .

ചുറ്റും കാഴ്ചക്കാര്‍ കൂടി. ആര്‍ത്തുവിളിച്ചും നൃത്തം ചെയ്തും അവരും കൂടെ കൂടി.രാത്രി യായപ്പോള്‍ പതുക്കെ അവിടെ നിന്ന് നീങ്ങി.. പുലര്‍ച്ചെ തന്നെ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങേണ്ടതാണ്. രാവിലെ ആറുമണിയ്ക്ക് അലാറം വച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ കരച്ചില്‍ കേട്ടെങ്കിലും കേള്‍ക്കാത്ത മട്ടില്‍ തിരിഞ്ഞു കിടന്നു. പിന്നെ എഴുന്നേറ്റത് എട്ട് മണിയ്ക്ക്. സമയം ആകെ തെറ്റി. ഓട്ടപ്രദക്ഷണത്തിനുള്ള ഒരുക്കങ്ങളായി.കൊട്ടാരം കാണാനായി ആദ്യം തീരുമാനിച്ചു. പതിനേഴാം നൂറ്റാണ്ടില്‍ മുദ്ദുരാജയാണെത്രെ ഈ കോട്ടയ്ക്കുള്ളില്‍ കൊട്ടാരം കെട്ടിയത്. അത് മണ്ണുകൊണ്ടായിരുന്നു. പിന്നീട് ടിപ്പു അത് കല്‍കൊട്ടാരമാക്ക മാറ്റി. കോട്ടയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഓഫീസുകളാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഓംകാരേശ്വര ക്‌ഷേത്രത്തിലേക്ക്. ബ്രാഹ്മണഹത്യയ്ക്ക് പരിഹാരമായി ലിങ്കരാജേന്ദ്ര രാജാവ് 1820ല്‍ പണിഞ്ഞതാണീക്‌ഷേത്രം. അവിടെ നിന്ന് നേരെ അബ്ബി ഫാള്‍സിലേക്ക്. പല സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നതിന് ഇപ്പോഴാണ് അവസരമൊരുങ്ങിയത്. ബോര്‍ഡുകള്‍ നോക്കി പത്ത് മണിയ്ക്ക് അബ്ബി ഫാള്‍സില്‍ എത്തിയെങ്കിലും ഒരു മനുഷ്യനുമില്ല. സ്ഥലം എവിടെയാണെന്ന് പിടികിട്ടുന്നുമില്ല. ചെറിയൊരു അരുവി പോകുന്ന ശബ്ദം മാത്രമുണ്ട്. പക്‌ഷെ എവിടെയാണെന്ന് ധാരണയില്ല. കുറച്ച് നടന്നപ്പോള്‍ ഒരു ചായക്കട. ഓ സംഭവം ഇവിടെ തന്നെ. സീസണല്ലാത്തതിനാല്‍ ഈച്ചയാട്ടി ഇരിക്കുകയാണ്. ഒരു ഇരയെ കിട്ടിയ സന്തോഷയില്‍ സാര്‍ ചായ, കോഫി, ന്നിങ്ങനെ തുടങ്ങി. ബേഡ സര്‍, എന്ന് മൊഴിഞ്ഞ് മുങ്ങി. കാട്ടിനുള്ളിലേക്ക് വൃത്തിയായി പടികള്‍ കെട്ടിയിട്ടുണ്ട്. ഇടയ്ക്ക് വിശ്രമിക്കാന്‍ സിമന്റ് ബഞ്ചുകളും. അരകിലോമീറ്റര്‍ നടന്നു കാണും അതാ സാക്ഷാല്‍ അബ്ബി ഫാള്‍സ്. ഫാള്‍സ് എന്നൊന്നും പറഞ്ഞു കൂട, ഒരു നീര്‍ച്ചാല്‍ കുത്തനെ വീഴുന്നു.

വെറുതെയല്ല ജനം ഇപ്പോള്‍ വരാത്തത്. സാധാരണ പാല്‍നുര പോലെ പതഞ്ഞൊഴുകുന്ന കാവേരി ഇപ്പോഴിതാ നീര്‍ചാല്‍ മാത്രമായിരിക്കുന്നു. വെള്ളച്ചാട്ടത്തെ മുന്നില്‍ നിന്ന് കാണാന്‍ ഒരു തൂക്കുപാലവും കെട്ടിയിട്ടുണ്ട്. താഴെക്കിറങ്ങരുത് അപകടമെന്ന ബോര്‍ഡ് വിവിധ ഭാഷകളില്‍ എഴുതി വച്ചിട്ടുമുണ്ട്. അബ്ബി ഫാള്‍സിനെ ദര്‍ശിച്ച് വീണ്ടും അടുത്ത കേന്ദ്രത്തിലേക്ക്. പിന്നെ കുശാല്‍ നഗര്‍ ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. ബാംഗ്‌ളൂര്‍ റൂട്ടില്‍ തന്നെയാണ് പോക്ക്. നല്ല റോഡ് ആക്‌സിലറേറ്ററില്‍ കാല്‍ വച്ച് വെറുതെയിരുന്നു. ആറുവരിപ്പാതയിലൂടെ നൂറ്റിപത്തില്‍ വണ്ടി പറക്കുകയാണ്. പോകുന്ന വഴിയ്ക്കാണ് നിസര്‍ഗധാമ. കര്‍ണ്ണാടക ടൂറിസത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. മുളങ്കാടുളും വള്ളിക്കുടിലുകളും, ബോട്ട് യാത്രയുമൊക്കെയായി ഒരു തട്ടിക്കൂട്ട്. കാമുകീകാമുകന്‍മാരെ ഇതിലെ എന്ന് വിളിച്ചു പറയും പോലെയാണീ സ്ഥലം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കപ്പിള്‍സ് മാത്രം. ചാഞ്ഞും ചെരിഞ്ഞും ശൃംഗാരം പൊടിപൊടിയ്ക്കുകയാണ്. മറ്റുള്ളവരെ മൈന്‍ഡ് ചെയ്യുന്നതേയില്ല, ഇവനാരടെ എന്നൊരു ഭാവമാണ് ചിലര്‍ക്ക്. കണ്‍ട്രോള്‍ പോയി ത്തുടങ്ങിയതിനാല്‍ വേഗം അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നീട് സന്യാസിമാരെ കാണാന്‍ തീരുമാനിച്ചു.



ദക്ഷിണേന്ത്യയിലേ ഏറ്റവും വലിയ ബുദ്ധവിഹാരത്തിലേക്ക്. കുശാല്‍നഗര്‍ കഴിഞ്ഞ് കുറച്ച് ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ ബൈലക്കുപ്പെയിലെത്തും അവിടെ നിന്ന് വലത്തോട്ടൊരു റോഡുണ്ട്. അഞ്ച് കിലോമീറ്ററിെ താഴെയുള്ളു. അവിടെയാണ് ബുദ്ധസങ്കേതം. സുവര്‍ണ്ണക്‌ഷേത്രമാണിവിടത്തെ പ്രധാന ആകര്‍ഷണം. പോകുന്ന വഴിയിലൊക്കെ ചപ്പിയമൂക്കും കുറിയ കണ്ണുകളുമായുള്ള സുന്ദരന്‍മാരും സുന്ദരിമാരും. ആസ്വദിച്ച്‌പോകുന്നതിനിടെ ഒരു ഇരമ്പല്‍ കേട്ടു. കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തില്‍ മൂന്ന് ബൈക്കുകളില്‍ മൂന്ന് ചെത്ത്പയ്യന്‍മാര്‍. ജാക്കി ചാന്റെ ചിത്രങ്ങളില്‍ വില്ലന്‍മാരായി വരുന്നവരെപ്പോലെ തലേക്കെട്ടും കൂളിംഗ്ഗഌസും,കാര്‍ഗോപാന്റുമെല്ലാം ധരിച്ച് മൂന്ന് സുന്ദരക്കുട്ടന്‍മാര്‍. 350 സി സി പള്‍സറാണ് രണ്ടു പേരുടെ കയ്യില്‍. മൊത്തം അള്‍ട്ടര്‍ ചെയ്തിട്ടുണ്ട്. സൈലന്‍സര്‍, പെയിന്റ്, ഹാന്റില്‍ബാര്‍ എല്ലാം ചെത്തിമാറ്റിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വല്ല സുസുക്കിയുടെ സ്‌പോര്‍ട്‌സ് ബൈക്കിന്റെ ലുക്ക്. മറ്റൊരുവന്റെ കയ്യില്‍ ഹീറോഹോണ്ടയുടെ കരിസ്മയാണ്. അതില്‍ പെയിന്റിലും സൈലന്‍സറിലും മാത്രമെ കാര്യമായ മാറ്റം കണ്ടുള്ളു. എല്ലാ വണ്ടിയിലും ടിബറ്റില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. വണ്ടി സ്‌ളൈഡ് ചെയ്ത് നിറുത്തി മൂന്നും ഷോപ്പിംഗ് മാര്‍ക്കറ്റിലേക്ക് കയറിപ്പോയി. ആരായാലും ഒന്ന് നോക്കിപ്പോകുമെന്ന് ഉറപ്പ്. പിന്നെ അടുത്ത കാഴ്ചകളിലേക്ക് നീങ്ങി.

വന്‍ ഗോപുരങ്ങള്‍ കഴിഞ്ഞ് അകത്തേക്ക് കടന്നണ്ടോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സുവര്‍ണ്ണക്‌ഷേത്രം. അതിനുള്ളില്‍ നാല്‍പ്പതടി ഉയരമുള്ള മൂന്ന് വിഗ്രഹങ്ങള്‍. പദ്മസംഭവ, ബുദ്ധന്‍, അമിത്യയൂസ് എന്നിവരുടെ കൂറ്റന്‍ തങ്കവിഗ്രഹങ്ങളാണിവ. താഴെ പഠിതേക്കാള്‍ക്കുള്ള പലകയും മേശയും. പലകയില്‍ ഇരുന്ന് ചെറിയ മേശമേല്‍ വച്ചാണ് പഠിപ്പെന്ന് തോന്നുന്നു. ക്‌ഷേത്രത്തിന്റെ നാലുവശത്തും ഹോസ്റ്റലാണ്. അവയുടെ വരാന്തയില്‍ സന്യാസത്തിന് പഠിക്കുന്നവര്‍ തേരാപ്പാര നടക്കുന്നുണ്ട്. അവസാനം കാഴ്ചകളില്‍ മയങ്ങി നേരം പോയതറിഞ്ഞില്ല. മതില്‍ കെട്ടിനകത്ത് നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യാക്കാരാനായി ജനിച്ചതില്‍ അല്‍പ്പം അഹങ്കരിച്ചു. മറ്റൊരു സംസ്‌ക്കാരത്തിന് വേണ്ടി മണ്ണും തണലും നല്‍കിയ ആ ആതിഥ്യമര്യാദയ്ക്ക് മുന്നില്‍. പിന്നീട് പാതി രാത്രിയോടെ വയനാടന്‍ ചുരമിറങ്ങുമ്പോള്‍ വന്ന വഴികളിലേക്ക് മനസുകൊണ്ടൊരു തിരിച്ചു പോക്ക് നടത്തിയപ്പോള്‍ എന്തോ സങ്കടം തികട്ടി വന്നു.

സജി.സി.നായര്‍





Print
SocialTwist Tell-a-Friend


Other stories in this section