മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസ് കൂപെ
Posted on: 08 Apr 2010

ആഡംബര വാഹന നിര്‍മ്മാതാവായ മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസ് കൂപെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 54.83 ലക്ഷം മുതലാണ് മുംബൈയിലെ എക്‌സ് ഷോറൂംവില. ലോകത്ത് നിര്‍മ്മിക്കുന്ന കാറുകളുല്‍ ഏറ്റവും കൂടുതല്‍ എയ്‌റോ ഡൈനമിക് സ്വഭാവമുള്ള കാറാണ് ഇ ക്ലാസ് കൂപെയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സാങ്കേതിക തികവും മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള കാര്‍ യുവാക്കളെ ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.



ഇന്ത്യന്‍ വിപണിയിലെ മെഴ്‌സീഡിസ് ബെന്‍സുകളെ അപേക്ഷിച്ച ഏറെ ആകര്‍ഷകവും നവീന രൂപഭംഗി ഉള്ളതുമാണ് രണ്ടു ഡോറുള്ള ഇ ക്ലാസ് കൂപെകള്‍. യുവാക്കളുടെ മനംകവരുമെന്ന് ഉറപ്പ്. പതിഞ്ഞ രൂപഭാവവവും അഗ്രസീവ് ഭംഗിയുമുള്ള ഇ ക്ലാസ് കൂപെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നിരുന്നു.

ബെന്‍സ് ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഇ ക്ലാസ് സലൂണിലുള്ള 3.5 ലിറ്റര്‍ വി സിക്‌സ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കൂപെയിലും. അതിനാല്‍ പെര്‍ഫോമന്‍സില്‍ വന്‍ വര്‍ദ്ധന ഉണ്ടാകില്ലെന്ന പോരായ്മ കണ്ടെത്താം. എന്നാല്‍ പ്രകടനം മാത്രംനോക്കി ഇ ക്ലാസ് കൂപെയെ വിലയിരുത്തരുതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.



പുതിയ ഷാസിയിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ മികച്ചതാണ് സസ്‌പെന്‍ഷന്‍. അതിനാല്‍ യാത്രാസുഖം ഏറെ വര്‍ദ്ധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കുറഞ്ഞ വീല്‍ ബെയ്‌സും മുന്നോട്ട് ഇറങ്ങി നില്‍ക്കുന്ന റൂഫ് ലൈനുമാണ് ഇ ക്ലാസ് കൂപെയുടെ മറ്റു സവിശേഷതകള്‍. മികച്ച ലെഗ്‌റൂം, വിശാലമായ ബൂട്ട് സ്‌പെയ്‌സ്, അനായാസം കയറാന്‍ ഇറങ്ങാനും സൗകര്യം നല്‍കുന്ന വലിയ ഡോറുകള്‍ എന്നിവ ആദ്യ കാഴ്ചയില്‍തന്നെ ശ്രദ്ധ പിടിച്ചുപറ്റും.



രാജ്യത്തെ ഷോറൂമുകള്‍വഴി ഇ ക്ലാസ് കൂപെ വിറ്റഴിക്കുമെന്ന് മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യാ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വില്‍ഫ്രിഡ് ഔള്‍ബര്‍ പറഞ്ഞു. വിപണിയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ചെറുനഗരങ്ങളിലും ഷോറൂമുകള്‍ തുറക്കും. ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്ന് വില്‍ഫ്രിഡ് ഔള്‍ബര്‍ പറഞ്ഞു. എ ക്ലാസ് വിഭാഗത്തില്‍ ചെറുകാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ് മെഴ്‌സിഡീസ് ബെന്‍സ്.



Print
SocialTwist Tell-a-Friend


Other stories in this section