കാറോടിക്കാന്‍ കൈവേണ്ട; കണ്ണുമാത്രം മതി
Posted on: 26 Apr 2010 ദീര്‍ഘനേരം സ്റ്റിയറിങ് തിരിച്ച് കൈ കുഴഞ്ഞുവോ ?. വിഷമിക്കേണ്ട. കൈ ഉപയോഗിക്കാതെ കണ്ണുകൊണ്ട് കാര്‍ ഓടിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. ബെര്‍ലിനിലെ ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ റൗള്‍ റോജസാണ് കണ്ടെത്തലിനു പിന്നില്‍.കണ്ണിന്റെ ചലനം മനസിലാക്കി കാറിന്റെ ദിശ നിയന്ത്രിക്കുന്നതാണ് റൗള്‍ റോജസിന്റെ സംവിധാനം. ബര്‍ലിനിലെ ടെമ്പല്‍ഹോഫ് വിമാനത്താവളത്തില്‍ കണ്ണുകൊണ്ട് നിയന്ത്രിക്കുന്നകാര്‍ പരീക്ഷണ ഓട്ടം നടത്തി.
വെള്ള നിറമുള്ള ഡോഡ്ജ് കാരവാനാണ് കണ്ണിന്റെ നിയന്ത്രണത്തില്‍ വിമാനത്താവളത്തിലെ ഉപേക്ഷിക്കപ്പെട്ട റണ്‍വെയിലൂടെ ചീറിപ്പാഞ്ഞത്. ഏതോ അദൃശ്യകരം നിയന്ത്രിക്കുന്നതുപോലെ ഡോഡ്ജിന്റെ സ്റ്റിയറിങ് കണ്ണുകളുടെ ചലനം തിരിച്ചറിഞ്ഞ് സ്വയം തിരിച്ചു. ഐ ഡ്രൈവര്‍ എന്നാണ് സാങ്കേതികവിദ്യയ്ക്ക് റൗള്‍ റോജസ് പേര് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗത്തില്‍വരെ കണ്ണുകൊണ്ട് കാര്‍ ഓടിക്കാം. 60 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്.
റോജസിന്റെ സാങ്കേതികവിദ്യ ഡ്രൈവിങ് അനായാസമാക്കുമെന്ന് കരുതാന്‍ വരട്ടെ. ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇതിനുണ്ട്. വിജനമായ പാതയിലൂടെ കണ്ണുകൊണ്ട് കാറോടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ തിരക്കേറിയ നിരത്തിലൂടെയുള്ള കാറോടിക്കല്‍ സങ്കല്‍പ്പിച്ചുനോക്കൂ. റോഡരികില്‍ നില്‍ക്കുന്ന സുന്ദരിയായ യുവതിയെ ഡ്രൈവര്‍ ഒന്നു നോക്കിപ്പോയാല്‍. കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിക്കുമെന്ന് ഉറപ്പ്. എതിരെവരുന്ന വാഹനത്തെ ഡ്രൈവര്‍ ഒന്നു നോക്കിയാലും ഇതുതന്നെ സംഭവിക്കും. റിയര്‍വ്യൂ മിററില്‍ നോക്കിയാലോ, കാര്‍ പിന്നോട്ട് ഓടാന്‍ തുടങ്ങും.
എന്നാല്‍ ജി.പി.എസ് നാവിഗേഷന്‍ സംവിധാനവും ക്യാമറകളും സ്‌കാനറുകളും സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന് ഗവേഷകര്‍ പറയുന്നു. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വിലയിരുത്തി കാല്‍നടയാത്രക്കാരെയും മറ്റുവാഹനങ്ങളെയും ഇടിക്കാതെ കാര്‍ ഓടിക്കോളും. കാര്‍ ഓടേണ്ട ദിശമാത്രം ഡ്രൈവറുടെ കണ്ണിന്റെ ചലനത്തില്‍നിന്ന് മനസിലാക്കുകയും ചെയ്യും. റോജസിന്റെ സംവിധാനം ഉടന്‍തന്നെ വാഹനങ്ങളില്‍ നിര്‍മ്മാതാക്കള്‍ സ്ഥാപിക്കട്ടെയെന്ന് പ്രത്യാശിക്കാം. അതോടെ ഡ്രാവിങ് പഠിക്കാന്‍ ഇനി മെനക്കെടേണ്ടി വരില്ല. പോകേണ്ട വഴിയിലേക്ക് കണ്ണുംനട്ട് ഇരുന്നാല്‍ മാത്രംമതി കാര്‍ ആവഴിയ്ക്ക് പൊയ്‌ക്കോളും. ഇടയ്ക്ക് ഉറക്കംതൂങ്ങി കാറിനെ ബുദ്ധിമുട്ടിക്കാതിരുന്നാല്‍ മാത്രം മതി.