മെര്‍കിന്റെ 'ഗള്‍ വിങ്ങ്' മടങ്ങിവരുന്നു
Posted on: 01 May 2010 പക്ഷി ചിറകു വിരിക്കുന്നത് പോലെ തുറന്നുവരുന്ന ഡോറുകള്‍ കാറിനിണങ്ങും എന്ന് കണ്ടെത്തിയത് മെഴ്‌സെഡീസ്-ബെന്‍സാണ്. 1954-ലെ ന്യൂ യോര്‍ക്ക് ഓട്ടോ ഷോയിലാണ് 'ഗള്‍-വിങ്ങ്' എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധമായ 300 എസ് എല്‍ സ്‌പോര്‍ട്‌സ് കാര്‍ മെര്‍ക് രംഗത്ത് കൊണ്ടുവന്നത്.
കാക്ക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന ഡ്രൈവിങ്ങ് സീറ്റ്, ജെറ്റ് വിമാനത്തെ അതിശയിക്കുന്ന വിധം കഷ്ടിച്ച് നാല് സെക്കന്റ് കൊണ്ട് നിന്ന നില്‍പ്പില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന എഞ്ചിന്‍, ഇതിനെല്ലാം പുറമെയാണ് ചിറകുകള്‍ പോലെയുള്ള ഡോറുകള്‍. വിമാന നിര്‍മാണത്തില്‍ മാത്രമല്ല കാര്‍ രൂപകല്‍പ്പനയിലും എയ്‌റോഡൈനാമിക്‌സ് പ്രധാനമാണെന്ന് ഓട്ടോ ഇന്‍ഡസ്ട്രി കണ്ടെത്താനിരിക്കുന്ന കാലത്ത് ആറടിയിലേറെ നീളത്തില്‍ ഒഴുകുന്ന രൂപമുള്ള ബോണറ്റ് പോലും അത്ഭുതകരമായിരുന്നു. മെഴ്‌സെഡീസിന്റെ ട്രേഡ് മാര്‍ക്ക് എന്നു പറയാവുന്ന ക്രോമിയം പ്ലേറ്റഡ് അരിപ്പയുടെ രൂപത്തില്‍ കുത്തനെ നിര്‍ത്തിയ ചതുരന്‍ റേഡിയേറ്റര്‍ ഗ്രില്ലിനും മാറ്റമുണ്ടായി-ഇത്തവണ ഹെഡ്‌ലൈറ്റ് മുതല്‍ ഹെഡ്‌ലൈറ്റ് വരെ വീതിയുള്ള പൊക്കം കുറഞ്ഞ ഗ്രില്ലിനു നടുവിലായിരുന്നു ബെന്‍സിന്റെ പ്രസിദ്ധമായ മുക്കോണ്‍ നക്ഷത്രത്തിനു പോലും സ്ഥാനം. 'ഗള്‍-വിങ്ങ്' ഇന്‍സ്റ്റന്റ് ഹിറ്റായി.
ഇറങ്ങിയ കാലത്തെ ഏറ്റവും വേഗമേറിയ കാറായ 300 എസ് എല്‍ അടിസ്ഥാനപരമായും ഒരു റേസിങ്ങ് കാറായി വിഭാവനം ചെയ്തിറക്കിയതാണ്. ഇതിന്റെ സ്‌പോര്‍ട്‌സ്റ്റര്‍, കൂപ്പേ, കണ്‍വേട്ടിബ്ള്‍ രൂപങ്ങളും പില്‍ക്കാലത്ത് ഇറങ്ങി. ഗള്‍ വിങ്ങിന്റെ ഉത്പാദനം മെഴ്‌സെഡീസ് 1963-ല്‍ അവസാനിപ്പിച്ചു. 1500-ലും താഴെ ഗള്‍വിങ്ങുകള്‍ മാത്രമേ ഉത്പാദിപ്പിക്കപ്പെട്ടുള്ളു. പക്ഷേ എക്കാലത്തെയും രസികന്‍ കാറുകളിലൊന്നായി എണ്ണുന്ന 300 എസ് എല്ലിന് വിന്റേജ് കാര്‍ വിപണിയില്‍ ഇന്ന് ഏഴ് ലക്ഷം ഡോളര്‍ (ഏതാണ്ട് മൂന്നര കോടി രൂപ)വരെ വിലയുണ്ട്.
കാറിന്റെ താരമൂല്യം പരിഗണിച്ച് മെര്‍ക് പഴയ കാറിന്റെ ആത്മീയ പിന്‍ഗാമി എന്ന്് വിശേഷിപ്പിക്കുന്ന പുതിയ ഗള്‍ വിങ്ങിനെ ഇക്കൊല്ലം വിപണിയിലിറക്കുകയാണ്. ഇത്തവണ വണ്ടിയുടെ പേര് മെഴ്‌സെഡീസ്-ബെന്‍സ് എസ്എല്‍എസ് എഎംജി എന്ന്. രൂപത്തില്‍ 46 വര്‍ഷം മുമ്പ് ഉത്പാദനം നിലച്ച ഗള്‍ വിങ്ങിനെ പോലെയിരിക്കുമെങ്കിലും ഉള്ളടക്കത്തില്‍ എഎംജി പുതിയ തലമുറയാണ്. പഴയ വണ്ടിക്ക് 215 എച്ച് പി എഞ്ചിനും 250 കിലോമീറ്റര്‍ പരമാവധി വേഗവുമായിരുന്നെങ്കില്‍ പുതിയവന് 571 എച്ച് പി എഞ്ചിനും പരമാവധി വേഗം 320 കിലോമീറ്ററുമാണ്.
പുതിയ വണ്ടിയുടെ മറ്റൊരു പ്രത്യേകത ഭാരം കുറക്കാന്‍ വേണ്ടി ബോഡി നിര്‍മാണത്തിന് ഉപയോഗിച്ച അലൂമിനിയം-കാര്‍ബണ്‍ ഫൈബര്‍ സംയുക്തമാണ്. വിന്‍ഡ്ഷീല്‍ഡ് ബ്രേസിങ്ങിന് ഉപയോഗിച്ച അല്‍പ്പം സ്റ്റീല്‍ ഒഴിവാക്കിയാല്‍ ആ ലോഹം കാറിന്റെ നിര്‍മാണത്തിലൊരിടത്തും ഉപയോഗിച്ചിട്ടില്ല. പഴയ വാഹനത്തേക്കാള്‍ 140 കിലോഗ്രാമോളം കുറവുള്ള എസ്എല്‍എസ് എഎംജിയുടെ തൂക്കം 1620 കിലോഗ്രാം മാത്രം. സ്വിച്ചിട്ടാല്‍ ഗ്യാസ് സ്ട്രട്ടുകളുടെ സഹായത്തോടെ.ാണ് ഗള്‍ വിങ്ങ് ഡോറുകള്‍ തുറക്കുന്നതെങ്കിലും (കാറെങ്ങാനും തകിടം മറിയുകയാണെങ്കില്‍ വാതില്‍ പറിച്ചുകളഞ്ഞ് പുറത്തിറങ്ങാനും യാത്രികര്‍ക്ക് പറ്റും) അടക്കാന്‍ യാത്രക്കാര്‍ കൈകള്‍ തന്ന ഉപയോഗിക്കണം. അടയ്ക്കാനുള്ള യന്ത്ര സാമഗ്രികള്‍ കാറിന്റെ ഭാരം 50 കിലോയോളം വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് ആ സംവിധാനം രൂപകല്‍പ്പനയില്‍ ഒഴിവാക്കിയത്. കൂട്ടിയിടികളുടെ ആഘാതത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ എട്ട് സെറ്റ് എയര്‍ ബാഗുകളുമുണ്ട്. നീണ്ട ബോണറ്റിന്റെ ഒടുവിലായി പിടിപ്പിച്ച എഞ്ചിനും റിയര്‍ വീലുകളുടെ സമീപത്തായി ഘടിപ്പിച്ച ഇരു സീറ്റുകളും ഉള്ള എസ്എല്‍എസിന് 1950കളുടെ റിട്രോ ലുക്ക് പ്രകടമാണ്.
പക്ഷേ രൂപത്തില്‍ മാത്രം റിട്രോ ആയതുകൊണ്ട് ഒരിക്കല്‍ ജനഹൃദയത്തില്‍ ഇടം നേടിയ വാഹനത്തിന്റെ പിന്‍ഗാമിക്ക് രക്ഷപ്പെടാനാവില്ലെന്ന് മെര്‍കിന്റെ മുഖ്യ ഡിസൈനറായ ഗോര്‍ഡന്‍ വാഗ്നര്‍ പറയുന്നു. ആദ്യഡിസൈനിന്റെ ബാഹ്യമായ അനുകരണം മാത്രമായിരിക്കരുത് അതിന്റെ പിന്‍ഗാമി. ഒരു വാഹനം എന്ന നിലയില്‍ അതിന് സ്വന്തം ചക്രത്തില്‍ നില്‍ക്കാന്‍ (ഓടാനും) കഴിയണം.
കാണാന്‍ ഭംഗിയുള്ള, കരുത്തന്‍ പ്രകടനം കാഴ്ച വെക്കുന്ന ആഡംബര കാറുകള്‍ എന്ന് മാത്രമല്ല സുരക്ഷിതത്തന്റെ കാര്യത്തിലും നിത്യോപയോഗത്തിന് ആശ്രയിക്കാവുന്നതെന്ന രീതിയിലും മെര്‍ക് കാറുകളുടെ പ്രശസ്തി പ്രത്യേകമാണ്. പ്രതിച്ഛായ നിലനിര്‍ത്താന്‍ ഡയംലര്‍-ബെന്‍സ് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. കാറിനെ 35 ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി. പ്രവര്‍ത്തന ശേഷി അളക്കാന്‍ 620,000 കിലോമീറ്ററോളം ഓടിച്ചുനോക്കി. ഈ വര്‍ഷം മദ്ധ്യത്തോടെ യൂറോപ്യന്‍ വിപണിയിലും അടുത്ത വര്‍ഷം യു എസ്സിലും എസ്എല്‍എസ് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. യൂറോപ്പില്‍ കാറിന് 1.7 ലക്ഷം യൂറോയും യു എസ്സില്‍ രണ്ട് ലക്ഷം ഡോളറും ആയിരിക്കും എകദേശ വില.
ബി.ആര്‍. എസ്.എല്‍.എസ് എ.എം.ജി വെബ് സൈറ്റിലേക്ക്..