പുതിയ ഇന്‍ഡിക്ക വിസ്റ്റ ഡ്രൈവ്‌ടെക് ഫോര്‍
Posted on: 03 May 2010 ഇന്‍ഡിക്ക വിസ്റ്റയുടെ നവീന പതിപ്പ് ഡ്രൈവ്‌ടെക് ഫോര്‍ ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കി. ബി.എസ് ഫോര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനൊപ്പം ഒട്ടേറെ പുതുമകളോടെയാണ് പുതിയ വിസ്റ്റ വരുന്നത്. നവീന യൂറോടെക് ഗിയര്‍ബോക്‌സാണ് ഡ്രൈവ്‌ടെക് ഫോറിന്റെ പ്രധാന സവിശേഷത. ഇന്‍ഡിക്ക വിസ്റ്റയില്‍ അസൂയക്കാര്‍ കണ്ടെത്തുന്ന എല്ലാ ന്യൂനതകള്‍ക്കും പരിഹാരം കണ്ടെത്താന്‍ നവീന എന്‍ജിനും ഗിയര്‍ബോക്‌സിനും കഴിയുമെന്ന് ടാറ്റാ മോട്ടോഴ്‌സ് കരുതുന്നു.
ടാറ്റയുടെ സഫയര്‍ പെട്രോള്‍ എന്‍ജിന്‍, ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിന്‍ എന്നിവയ്‌ക്കൊപ്പം യൂറോടെക് ഗിയര്‍ബോക്‌സ് ഉണ്ടാകും. കുറഞ്ഞ ആര്‍.പി.എമ്മിലും മികച്ച ടോര്‍ക്ക് നല്‍കാന്‍ കഴിയുന്നതാണ് ഈ ഗിയര്‍ബോക്‌സെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വിറയല്‍ കുറയ്ക്കാനും ഗിയര്‍മാറ്റല്‍ അനായാസമാക്കാനും പുതിയ ഗിയര്‍ബോക്‌സ് സഹായിക്കും.
ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍സീറ്റ്, സ്‌റ്റോറേജ് സ്ഥലം വര്‍ദ്ധിപ്പിക്കാവുന്ന തരത്തില്‍ മടക്കിവയ്ക്കാവുന്ന പിന്‍ സീറ്റുകള്‍ എന്നിവ ഉള്‍വശത്തെ പുതുമകളാണ്. ഇന്‍ഡിഗോ മാന്‍സയില്‍ ലഭിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റിയുള്ള സ്റ്റീരിയോ സിസ്റ്റംമാണ് പുതിയ വിസ്റ്റയുടെ മറ്റൊരു സവിശേഷത. സുരക്ഷയ്ക്കായി ഡ്രൈവര്‍- പാസഞ്ചര്‍ എയര്‍ബാഗുകളും ആന്റിലോക്ക് ബ്രേക്കിങ് സംവിധാനവും ഡ്രൈവ്‌ടെക് ഫോറിലുണ്ട്.
ഗാലാ റെഡ്, മറൈന്‍ സില്‍വര്‍, സോളാര്‍ ഓറഞ്ച്, ഗ്രേ, ആര്‍ടിക് സില്‍വര്‍, മിന്റ് വൈറ്റ്, ഇന്‍ഫിനിറ്റി ബ്ലാക്ക്, പോഴ്‌സലൈന്‍ വൈറ്റ് എന്നിവയാണ് നിറങ്ങള്‍. 3.54 ലക്ഷം മുതലാണ് പെട്രോള്‍ വിസ്റ്റയുടെ വില. ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനുള്ള വിസ്റ്റകള്‍ 4.40 ലക്ഷം മുതല്‍ ലഭിക്കും (കൊച്ചിയിലെ എക്‌സ്‌ഷോറൂം വില).